2

നാദാപുരം: നാദാപുരം മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ ഇന്നലെ പുലർച്ചെ ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് മിന്നൽ പരിശോധന നടത്തി. പുലർച്ചെ അഞ്ച് മുതലാണ് പരിശോധന ആരംഭിച്ചത്. ലൈസൻസ്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, വെള്ളം പരിശോധിച്ച റിപ്പോർട്ട്‌ എന്നിവ ഇല്ലാതെ പ്രവർത്തിച്ച എണ്ണ കടിയും മറ്റ് ഭക്ഷണപദാർത്ഥങ്ങളും നിർമ്മിക്കുകയും വില്പന നടത്തുകയും ചെയ്യുന്ന കേന്ദ്രങ്ങളിൽ അപാകതകൾ കണ്ടെത്തി പിഴ ചുമത്തി. തൊട്ടിൽപ്പാലത്ത് നടത്തിയ പരിശോധനയിൽ മത്സ്യം വിതരണം ചെയ്യുന്ന വാഹനത്തിൽ നിന്ന് പഴകിയ 25 കിലോഗ്രാം അയല പിടിച്ചെടുത്തു നശിപ്പിച്ചു. മൊബൈൽ ഫുഡ്‌ ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് 22 മത്സ്യ സാമ്പിളുകൾ പരിശോധിച്ചു. ഐസ് സാമ്പിൾ, ഹോട്ടലുകളിൽ ഉപയോഗിച്ച എണ്ണ എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തി. സ്‌ക്വാഡിൽ ഫുഡ്‌ സേഫ്റ്റി ഓഫീസർ ഫെബിന മുഹമ്മദ്‌, അഷ്‌റഫ്‌.എ.പി, വിഷ്ണു ഉണ്ണി, നൗഷീന മഠത്തിൽ, സ്നേഹ, ശശീന്ദ്രൻ എന്നിവർ പങ്കെടുത്തു.