ബാലുശ്ശേരി: കാതൽ എന്ന സിനിമയിലെ തങ്കൻ എന്ന കഥാപാത്രത്തെ അവസ്മരണീയമാക്കിയതിനാണ് ബാലുശ്ശേരി സ്വദേശി സുധി കോഴിക്കോട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം നേടിയത്. നാടകത്തിലൂടെ സിനിമയിലെത്തിയ സുധി കോഴിക്കോട് ഇതിനോടകം 47 സിനിമകളിൽ അഭിനയിച്ചു. 2008ലാണ് സിനിമാരംഗത്ത് എത്തിയത്. അച്ഛന്റെ സഹോദരൻ ആർ.ബി.പനങ്ങാടാണ് നാടക രംഗത്തേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത്. ദാമു കറ്റോട്, മുരളി പാവുള്ളാട്ട് എന്നിവരും സഹായിച്ചു.

നിരവധി നാടക നടന്മാർ അഭിനയിച്ച മമ്മൂട്ടി ചിത്രമായ പാലേരിമാണിക്യത്തിൽ അഭിനയിക്കുന്നതിന് മുന്നോടിയായി പങ്കെടുത്ത ആക്ടിംഗ് വർക്ക് ഷോപ്പ് ഏറെ ഗുണം ചെയ്തെന്ന് സുധി കേരളകൗമുദിയോട് പറഞ്ഞു. അഭിൻ ജോസഫ് കഥയും തിരക്കഥയും നിർവഹിച്ച് അനുരാഗ് മനോഹർ സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിക്കുന്ന നരി വേട്ടയാണ് സുധി കോഴിക്കോടിന്റെ പുതിയ ചിത്രം.

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പൊതുമരാമത്ത് വകുപ്പിൽ ജോലി ചെയ്തുവരികയാണ് സുധി. അച്ഛൻ കറ്റോട് രാരോത്ത് ഉണ്ണിനായർ, അമ്മ: പരേതയായ സാവിത്രി. കറ്റോട് സന്നിധി വീട്ടിലാണ് സുധിയുടെ താമസം. ഭാര്യ: ബവിത. മക്കൾ: ദേവാംഗ് (എട്ടാം ക്ലാസ്), ധൻവിൻ (ഒന്നാം ക്ലാസ്).