കോഴിക്കോട്: കൊൽക്കത്ത ആർ.ജി കാർ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ നടത്തിയ സമരത്തിൽ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. ഐ.എം.എ രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ, അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ എന്നിവരും പിന്തുണയറിയിച്ച് രംഗത്തെത്തിയതോടെ രോഗികൾ വലഞ്ഞു.
പി.ജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, സീനിയർ റസിഡന്റ് അസോസിയേഷൻ, വിദ്യാർത്ഥി യൂണിയൻ എന്നിവർ സമരത്തിൽ അണിനിരന്നു. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയടക്കം ജില്ലയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിലെ ഒ.പി സേവനം സ്തംഭിച്ചു. അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയയും ഒഴികെ മറ്റെല്ലാം നിശ്ചലമായി. ചികിത്സയ്ക്കായി എത്തിയ രോഗികൾ മണിക്കൂറുകളോളം കാത്തിരുന്നു. ചിലർ ചികിത്സ ലഭിക്കാതെ മടങ്ങി. സമരത്തെക്കുറിച്ച് അറിയുന്നതിനാൽ ഇന്നലെ ആശുപത്രികളിൽ രോഗികൾ കുറവായിരുന്നു. ശസ്ത്രക്രിയയ്ക്കും മറ്റും മുൻകൂട്ടി തീയതി നൽകിയിരുന്നവരാണ് വലഞ്ഞത്.
ബീച്ച് ഗവ. ആശുപത്രി, കോട്ടപ്പറമ്പ് മാതൃശിശു സംരക്ഷണ കേന്ദ്രം, വടകര, കൊയിലാണ്ടി, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളിലും രോഗികൾ വലഞ്ഞു. ഇവിടങ്ങളിലെല്ലാം രോഗികളുടെ നീണ്ട നിരയാണുണ്ടായിരുന്നത്. പലയിടങ്ങളിലും ഡോക്ടർമാർ പ്രതിഷേധ റാലിയും ധർണയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഡോക്ടർമാർ രാവിലെ 11വരെ പ്രതിഷേധിച്ചതും രോഗികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
മെഡിക്കൽ കോളേജിലും വലഞ്ഞു
ദിവസേന 3,000ലധികം രോഗികൾ എത്തുന്ന മെഡിക്കൽ കോളേജിൽ ഇന്നലെ എത്തിയത് 1,000ഓളം പേരാണ്. വന്നവർക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. അത്യാഹിത വിഭാഗം പ്രവർത്തിച്ചെങ്കിലും ഒ.പി പൂർണമായും മുടങ്ങി. സ്പെഷ്യാലിറ്റി ക്ലിനിക്കുകളും പ്രവർത്തിച്ചില്ല. മാതൃശിശുസംരക്ഷണ കേന്ദ്രത്തിലും ഒ.പികൾ ഉണ്ടായിരുന്നില്ല. ലേബർ റൂം പ്രവർത്തിച്ചു. പ്രസവ വേദനയുമായി വന്നവരെ നേരിട്ട് ലേബർ റൂമിലേക്ക് മാറ്റി. അല്ലാത്തവരെ പരിശോധിച്ച് വിട്ടയച്ചു. പതിവുപോലെ രാവിലെ എട്ട് മുതൽ ഒ.പി ടിക്കറ്റ് വിതരണം ചെയ്തിരുന്നു. ഗുരുതരമായ അസുഖമുള്ളവരെ ഒ.പിയിൽ നിന്ന് വിവിധ കാഷ്യാലിറ്രികളിലേക്ക് പറഞ്ഞയച്ചു. മറ്റുള്ളവർക്ക് ഒ.പി ടിക്കറ്റ് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. എമർജൻസി അല്ലാത്ത രോഗികളെ തിരിച്ചയച്ചു. അടിയന്തര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾക്ക് മുടക്കമുണ്ടായിരുന്നില്ല. ഐ.എം.സി.എച്ച് ഒ.പിയിൽ ചികിത്സ തേടിയവരുടെ എണ്ണവും കുറവായിരുന്നു. മെഡിക്കൽ കോളേജിലെ ഡെന്റൽ കോളേജ്, എം.സി.എച്ച് എന്നിവിടങ്ങളിലെ കെ.ജി.പി.എം.ടിഎ (കേരള ഗവ. പോസ്റ്റ് ഗ്രാഡുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ), കെ.ജി.എം.സി.ടി.എ (കേരള മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ), പി.ജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ, കോളേജ് യൂണിയൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഒ.പി ബഹിഷ്‌കരണം നടന്നത്.