1

കോഴിക്കോട്: കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കോഴിക്കോട് ഐ.എം.എയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മാനാഞ്ചിറ, കിഡ്സൺ കോർണറിൽ നിന്നാരംഭിച്ച് നഗരം ചുറ്റി കിഡ്സൺ കോർണറിൽ സമാപിച്ചു.

ഐ.എം.എ സംസ്ഥാന ട്രഷറർ ഡോ. റോയ് ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. രാജു ബലറാം.സി, മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. വി.ജി.പ്രദീപ് കുമാർ, നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി ഡോ. കെ.വി.രാജു, ഡോ. അജിത് ഭാസ്കർ, ഡോ. അജിത.പി.എൻ, ഡോ. ശങ്കർ മഹാദേവൻ, ഡോ. വിനോദ്.പി.കെ തുടങ്ങിയവർ പങ്കെടുത്തു. മെഡിക്കൽ കോളേജിലെയടക്കം 500 ഓളം ഡോക്ടർമാർ, മെഡിക്കൽ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്നു. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നഴ്സുമാരും വിദ്യാർത്ഥികളും പ്രതിഷേധ സദസും പ്രകടനവും നടത്തി. കെ.ജി.എൻ.യു സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു.പി.കെ ഉദ്ഘാടനം ചെയ്തു. കേരള ഗവ. നഴ്സസ് യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് സജിത്ത് ചെരണ്ടത്തൂർ അദ്ധ്യക്ഷത വഹിച്ചു.