കോഴിക്കോട്: നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഉത്തരമേഖല ഫയൽ അദാലത്തിൽ ലഭിച്ച 2,100 അപേക്ഷകളിൽ 872 എണ്ണം തീർപ്പാക്കിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തീർപ്പാക്കിയവയിൽ 460 എണ്ണം നിയമന ഉത്തരവുമായി ബന്ധപ്പെട്ടുള്ളതാണ്. ആകെ 43,749 ഫയലുകൾ തീർപ്പാക്കി. എറണാകുളം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളിൽ നടന്ന മൂന്ന് അദാലത്തുകളിലായി 4,591 അപേക്ഷകൾ ലഭിച്ചതിൽ 2,648 എണ്ണം തീർപ്പാക്കി. ഇതിൽ 1,128 എണ്ണം നിയമന ഉത്തരവുമായി ബന്ധപ്പെട്ടുള്ളവയാണ്.
മുഴുവൻ ജില്ലകളെയും കണക്കിലെടുത്ത് ആഗസ്റ്റ് അവസാനമോ സെപ്തംബർ ആദ്യമോ സംസ്ഥാനതലത്തിൽ ഒരു മെഗാ അദാലത്ത് കൂടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസും സെക്രട്ടേറിയറ്റും കേന്ദ്രീകരിച്ച് നടത്തുമെന്നും മന്ത്രി പറഞ്ഞു. മേഖലാതല അദാലത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് മെഗാഅദാലത്ത് പ്രയോജനപ്പെടുത്താം. എ.ഇ.ഒ, ഡി.ഇ.ഒ, ജില്ലാ തലങ്ങൾ, മേഖലാ തലങ്ങൾ എന്നിവ മൊത്തം കണക്കുകൂട്ടിയാൽ ആകെ 43,749 ഫയലുകൾ തീർപ്പാക്കി. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടന്നിരുന്ന 1,05,000 ഫയലുകളിൽ ഇനി 61,251 എണ്ണമാണ് ബാക്കിയുള്ളത്.