s

മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖലയിൽ തെരച്ചിൽ മന്ദഗതിയിലെന്ന് ആക്ഷേപം. മൂന്നുദിവസമായി തെരച്ചിലിന് വേണ്ടത്ര വേഗതയില്ല. തെരച്ചിൽ അവസാനിപ്പിക്കരുതെന്നാണ് കാണാതായവരുടെ ബന്ധുക്കൾ ആവശ്യം. തിരച്ചിൽ തുടരുമെന്നാണ് മന്ത്രിസഭ ഉപസമിതി അറിയിച്ചത്. എന്നാൽ ഇന്നലെ കാര്യമായ തിരച്ചിൽ ഒന്നും നടന്നില്ല. പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങൾ എങ്കിലും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ. നൂറോളം പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ഇത്രയും പേരെ കണ്ടെത്താതെ തെരച്ചിൽ അവസാനിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകും. മന്ത്രിസഭ ഉപസമിതി അംഗങ്ങളും ഇപ്പോൾ ജില്ലയിലില്ല. മന്ത്രി ഒ.ആർ. കേളു മാത്രമാണ് ജില്ലയിലുള്ളത്. രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളും നടത്തേണ്ട സമയത്ത് മന്ത്രിസഭ ഉപസമിതി അംഗങ്ങളുടെ അസാന്നിദ്ധ്യം ചർച്ചയാവുകയാണ്. മൂന്ന് ജനകീയ തെരച്ചിലുകളും 14 ദിവസം തുടർച്ചയായ പരിശോധനയുമാണ് ദുരന്ത ഭൂമിയിൽ നടന്നത്. ബന്ധുക്കളുടെ ആശങ്ക പരിഗണിച്ച് എത്രയും വേഗം തെരച്ചിൽ പുനരാരംഭിക്കണമെന്ന് ടി. സിദ്ധിഖ് എം.എൽ.എ ആവശ്യപ്പെട്ടു.