k

കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ പ്രചരിച്ച 'കാഫിർ' സ്‌ക്രീൻ ഷോട്ട് കേസിന് പുതിയ വഴിത്തിരിവ്. സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചെന്ന ആരോപണ വിധേയനായ സി.പി.എം നേതാവ് റിബേഷ് രാമകൃഷ്ണൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും കുറ്റ്യാടി മുൻ എം.എൽ.എ യുമായ പാറക്കൽ അബ്ദുള്ളയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു.

വ്യാജ സ്ക്രീൻ ഷോട്ട് അയച്ച, സി.പി.എം പക്ഷമെന്ന് പ്രചരിപ്പിക്കുന്ന 'റെഡ് എൻകൗണ്ടർ' ഗ്രൂപ്പിന്റെ അഡ്മിനാണ് റിബേഷ്. ഇയാളുടെ പോസ്റ്റാണ് മുൻ എം.എൽ. എ കെ.കെ.ലതിക പങ്കുവച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. വിവാദമായതോടെ ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നാളെ വടകരയിൽ വിശദീകരണ പൊതുയോഗം നടത്തും. യു.ഡി.എഫിന്റെയും ആർ.എം.പിയുടെയും നേതൃത്വത്തിൽ വടകര എസ്.പി ഓഫീസ് മാർച്ചും നാളെ നടക്കും.

തനിക്കെതിരെ വ്യാജ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് കാട്ടിയാണ് റിബേഷ് വക്കീൽ നോട്ടീസ് അയച്ചത്. മൂന്നു ദിവസത്തിനകം പരസ്യമായി ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.

ഹൈക്കോടതിയിൽ സമർപ്പിച്ച പൊലീസ് സത്യവാങ്മൂലത്തിലുള്ള വിവരം മാത്രമാണ് പുറത്തു വന്നതെന്നും വ്യാജമാണെന്ന് റിബേഷിന് തോന്നുന്നെങ്കിൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ് വക്കീൽ നോട്ടീസ് അയയ്‌ക്കേണ്ടതെന്നും പാറക്കൽ അബ്ദുള്ള പ്രതികരിച്ചു. അതേസമയം, ഫെയ്സ്ബുക്കിന്റെയും വാട്സാപ്പിന്റെയും മറുപടി ലഭിക്കും വരെ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താനാകില്ലെന്നാണ് പൊലീസ് നിലപാട്.

പ്രതികരിക്കാൻ ഞാൻ ആളല്ല : മന്ത്രി റിയാസ്

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് വിഷയത്തിൽ സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അന്വേഷിക്കുന്ന വിഷയത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയത്തിൽ എല്ലാ രാഷ്ട്രീയപ്പാർട്ടി നേതാക്കളും അഭിപ്രായം പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ല. കുപ്രചാരണം ഇടത് പക്ഷത്തിനില്ലെന്നും മന്ത്രി പറഞ്ഞു.