dyfi
ഡി.വൈ.എഫ്.ഐ കരുവിശ്ശേരി മേഖലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വയാനാടിന്റെ കണ്ണീരൊപ്പാനുള്ള മീൻവിൽപനയിൽ നിന്നും

കോഴിക്കോട്: വയനാടിന്റെ കണ്ണീരൊപ്പാൻ സംസ്ഥാനമാകെ വിവിധ സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും കൈകോർക്കുമ്പോൾ മത്സ്യം വിറ്റ പണവുമായി ഡി.വൈ.എഫ്.ഐ കരുവിശ്ശേരി മേഖലാ കമ്മറ്റി. ഇന്നലെ രാവിലെ മുതൽ എടക്കാട് റോഡിൽ മുടക്കാട്ട് പാലത്തിന് സമീപമാണ് പ്രവർത്തകർ മീൻവിൽപന നടത്തിയത്. 200കിലോ മീൻവാങ്ങി അത് വിറ്റുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രവർത്തകർ ' മീൻവാങ്ങിയാൽ പണം വയനാടിന്' എന്ന ബോർഡ് വച്ച് കച്ചവടം തുടങ്ങിയപ്പോൾ വീട്ടിലേക്ക് മീൻ വാങ്ങാത്തവർപോലും ഒരു കൈസഞ്ചിയിൽ മീനുമായി വീട്ടിലേക്ക് നടന്നു. കിലോയ്ക്ക് എന്താണ് വിലയെന്ന് ചോദിക്കാതെയും പലരും സംഭാവനയെന്ന ലക്ഷ്യത്തോടെ മീനെടുത്തു. കരുവിശ്ശേരി ഏഴാം വാർഡ് കൗൺസിലറും സി.പി.എം നേതാവുമായ വരുൺ ഭാസ്‌കർ ഉദ്ഘാടനം ചെയ്തു. കരുവിശ്ശേരി മേഖല സെക്രട്ടറി അഭിലാഷ്, പ്രസിഡന്റ് രാജേഷ്, ട്രഷറർ സൈയ്ജു കുമാർ, മേഖല കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.