മേപ്പാടി: മുണ്ടക്കൈയിൽ മതമൈത്രിയുടെ പ്രതികമായി ഉണ്ടായിരുന്നത് ക്രിസ്ത്യൻ പള്ളിയും ഒരു മുസ്ലീം പള്ളിയും അമ്പലവുമായിരുന്നു. അമ്പലംകുന്നിന്റെ മുകളിലും മുസ്ലീം പള്ളിയും, ക്രിസ്ത്യൻ പള്ളിയും മുണ്ടക്കൈ അങ്ങാടിയിലുമാണ് സ്ഥിതി ചെയ്തിരുന്നത്. ഉരുൾവെള്ളം അങ്ങാടിയിലൂടെ കുത്തിയൊഴുകിയപ്പോൾ കടകളും മുസ്ലീം പള്ളിയുമെല്ലാം കുത്തൊഴുക്കിൽപ്പെട്ട് തകർന്നു. എന്നാൽ സി.എസ്.ഐയുടെ അധീനതയിലുള്ള ക്രിസ്ത്യൻ പള്ളിക്ക് കേടുപാടൊന്നും സംഭവിച്ചില്ല. പള്ളിയുടെ താഴെയുണ്ടായിരുന്ന വീട് വെള്ളം കൊണ്ടുപോവുകയും ചെയ്തു.
പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിവന്ന ഉരുൾ വെള്ളം നേരെ മുണ്ടക്കൈ അങ്ങാടിയിലൂടെയാണ് കുത്തിയൊഴുകിയത്. അങ്ങാടിക്ക് താഴെയുള്ള വീടുകളെയൊന്നാകെ വിഴുങ്ങിയാണ് ഉരുൾവെള്ളം കടകളെയും കുത്തിയൊലിപ്പിച്ച് കൊണ്ട് പ്രവഹിച്ചത്. ക്രിസ്ത്യൻപള്ളി കുറച്ച് ഉയരത്തിലായതിനാൽ വെള്ളം കയറിയില്ല. ഇവിടെയുണ്ടായിരുന്ന വീട് വെള്ളത്തിൽ ഒലിച്ചുപോയി. തൊട്ട് താഴെയായി സ്ഥിതി ചെയ്തിരുന്ന മുസ്ലീം പള്ളിയുടെ ഒരു ഭാഗത്തുകൂടെയാണ് കൂറ്റൻ പാറയും മരങ്ങളുമായി ഉരുൾവെള്ളം കുതിച്ചൊഴുകിയത്. മുസ്ലീം പള്ളിയുടെ താഴ്ഭാഗത്തുണ്ടായിരുന്ന ഒരു വീടും തകർന്നുപോയി.
പത്തിൽ താഴെ കടകളുള്ള ഒരു ചെറിയ അങ്ങാടിയാണ് ഉരുൾപൊട്ടലിൽ തകർത്തെറിഞ്ഞ മുണ്ടക്കൈ. ഇവിടെ ഇപ്പോൾ അവശേഷിക്കുന്നത് റോഡിന്റെ ഒരു ഭാഗത്ത് മാത്രമുള്ള മൂന്ന് കടകൾ മാത്രമാണ്. മുണ്ടക്കൈയിൽ ബസ് വന്ന് നിൽക്കുന്ന ഭാഗത്തുള്ള പത്തോളം വീടുകൾക്കും കാര്യമായ കേടുപാട് സംഭവിച്ചിട്ടില്ല. അവശേഷിച്ച പ്രദേശത്തെ മുഴുവൻ വീടുകളും ഉരുൾ കൊണ്ടുപോയി. ജനവാസമേഖലയിലൂടെയാണ് ഉരുൾവെള്ളം ഒഴുകിയത്.