ima
ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് ആൻഡ് ഹോസ്പിറ്റൽസ് അസോസിയേഷൻ സുവർണ ജൂബിലി സമ്മേളനം 'ക്യൂപികോൺ' 2024 ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ചെറുകിട ആശുപത്രികളെ സംരക്ഷിച്ച് നിർത്താൻ സർക്കാർ ഇടപെടലുകളുണ്ടാവണമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് ആൻഡ് ഹോസ്പിറ്റൽസ് അസോസിയേഷൻ. ആരോഗ്യ രംഗത്തെ കോർപ്പറേറ്റുകളുടെ കടന്നുകയറ്റത്തോടെ നഗര, ഗ്രാമാന്തരങ്ങളിലെ ചെറുകിട, ഇടത്തരം ആശുപത്രികൾ ഇല്ലാതാവുകയാണ്. ഇടത്തരക്കാരനും സാധാരണക്കാരനും ആശ്വാസമാകുന്ന ഇത്തരം ആശുപത്രികൾ നിലനിർത്താൻ സർക്കാർ തലത്തിൽ ഇടപെടലുകൾ വേണമെന്നും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷനേഴ്‌സ് ആൻഡ് ഹോസ്പിറ്റൽസ് അസോസിയേഷൻ (ക്യു.പി.എം.പി.എ) സുവർണ ജൂബിലി സമ്മേളനം 'ക്യൂപികോൺ 2024' അഭിപ്രായപ്പെട്ടു.

എല്ലാ ആശുപത്രികളെയും ഒരേ തട്ടിൽ കാണുന്ന രീതി സർക്കാർ മാറ്റണം. ഇലക്ട്രിസിറ്റി താരിഫിൽ ഉൾപ്പെടെ എല്ലാ മേഖലകളിലും ചെറുകിട ആശുപത്രികൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് 'കേരളത്തിലെ ഇടത്തരം ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കുക' എന്ന വിഷയത്തെ അധികരിച്ച് നടന്ന പാനൽ ചർച്ച ആവശ്യപ്പെട്ടു. ഐ.എം.എ ദേശീയ പ്രഡിസന്റ് ഡോ. ആർ.വി അശോകൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹമീദ് ഫസൽ, ഡോ. ചാർലി ചെറിയാൻ, ഡോ. ഷാനു.എം. ഡോ. അനീസ് അലി എന്നിവർ പങ്കെടുത്തു. ഡോ. സാജൻ മോഡറേറ്ററായിരുന്നു.
ഡോ.കെ. മൊയ്തു, ഡോ.സി.എം.അബൂബക്കർ, ഡോ. ടി.പി.വി. സുരേന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷൻ കേരള പ്രസിഡന്റ് ഡോ. അബ്ദുൾ വബാഹ് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഹംസ തയ്യിൽ, ഡോ. റോയ് വിജയൻ, ഡോ. സഗീർ, ഡോ. ഹാഷിം മാട്ടുമ്മൽ, ഡോ. ചന്ദ്രകാന്ത് എന്നിവർ പ്രസംഗിച്ചു. ഡോ. അനീസ് അലി ( പ്രസിഡന്റ് ക്യു.പി.എം.പി.എ കോഴിക്കോട്) സ്വാഗതവും ഡോ. എസ്. മോഹൻ സുന്ദരം ( ഓർഗനൈസിംഗ് സെക്രട്ടറി) നന്ദിയും പറഞ്ഞു. ഡോ. റോയ് വിജയൻ ചീഫ് എഡിറ്ററായ സുവർണ ജൂബിലി സോവനീറിന്റെ പ്രകാശനം ഡോ. ആർ.വി. അശോകൻ നിർവഹിച്ചു.