കോഴിക്കോട്: സത്രം ബിൽഡിംഗ് പൊളിച്ചിട്ട് വർഷം ഒന്നായിട്ടും ഒന്നുമാവാതെ പാർക്കിംഗ് പ്ലാസ. നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധിയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കിഡ്‌സൺ കോർണറിലെ കച്ചവടക്കാരെ ഒഴിപ്പിച്ച് സത്രം ബിൽഡിംഗ് പൊളിച്ചത്. ഇപ്പോൾ അവിടെയുള്ളത് മാലിന്യവും വാഹനങ്ങളുടെ അലക്ഷ്യമായ പാർക്കിംഗും മാത്രം. പാർക്കിംഗ് പ്ലാസ നിർമ്മാണം മൂലം വലയുന്നത് മിഠായിത്തെരുവിൽ എത്തുന്നവരാണ്. ദിനംപ്രതി ആയിരത്തോളമാളുകൾ കടന്നുപോകുന്ന വഴിയിൽ അലക്ഷ്യമായി നിർത്തിയിടുന്ന വാഹനങ്ങൾ വഴിമുടക്കുകയാണ്.
സത്രം ബിൽഡിംഗ് പൊളിക്കുമ്പോൾ 2023 ആഗസ്റ്റിൽ പാർക്കിംഗ് പ്ലാസയുടെ തറക്കല്ലിടുമെന്നായിരുന്നു കോർപ്പറേഷന്റെ പ്രഖ്യാപനം. നാളിതുവരെയായിട്ടും അക്കാര്യത്തിൽ നടപടിയായില്ല. 2019ൽ ടെൻഡർ ക്ഷണിച്ച പദ്ധതിയാണ് അഞ്ചു വർഷമാകുമ്പോഴും കടലാസിൽ മാത്രമായി ഒതുങ്ങുന്നത്. 30 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതി യാഥാർത്ഥ്യമായാൽ 320 കാറും 184 ബൈക്കും ഇവിടെ പാർക്ക് ചെയ്യാം. 920 ചതുരശ്ര മീറ്റർ സ്ഥലത്ത് 7579 ചതുരശ്ര മീറ്റർ വരുന്ന കെട്ടിടമാണ് പണിയുക.
2017 ലെ നവീകരണത്തിന് ശേഷമാണ് മിഠായിത്തെരുവിൽ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിത്. നിയന്ത്രണം നിലവിൽ വന്നതോടെയാണ് കിഡ്സൺ കോർണറിലും വൈക്കം മുഹമ്മദ് ബഷീർ റോഡിലും പാർക്കിംഗ് വ്യാപകമായത്. ഇതിന് പരിഹാരം എന്ന നിലയിൽ കോർപ്പറേഷൻ കൊണ്ടുവന്ന പദ്ധതിയായിരുന്നു പാർക്കിംഗ് പ്ലാസയുടേത്.
നഗരത്തിലെത്തുന്ന വാഹനങ്ങൾക്ക് പേ പാർക്കിംഗ് കേന്ദ്രങ്ങളാണ് ആശ്രയം. മാനാഞ്ചിറ കോംട്രസ്റ്റിന് സമീപം റോഡ് കയറിയും വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. മാനാഞ്ചിറ, വലിയങ്ങാടി, പാളയം, പുതിയ സ്റ്റാൻഡ് എന്നിവിടങ്ങളിലൊന്നും കൃത്യമായ പാർക്കിംഗ് സംവിധാനമില്ല.
നഗരത്തിരക്കുകൾ തീർക്കാനുള്ള പാർക്കിംഗ് പ്ലാസയാണ് മിഠായിത്തെരുവിൽ ഒരുക്കുന്നത്. അതിനുവേണ്ടിയാണ് സത്രം ബിൽഡിംഗ് പൊളിച്ചത്. അവശിഷ്ടങ്ങളും യഥാസമയം നീക്കം ചെയ്തു. സർക്കാരിൽ നിന്നുള്ള അംഗീകാരത്തിന് കാത്തിരിക്കുകയാണ്. കിട്ടിയാലുടൻ പണിതുടങ്ങും.
പി.സി .രാജൻ
ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി