1
കാഫിർ വിഷയത്തിൽ വടകരയിൽ സംഘടിപ്പിച്ച വിശദീകരണ പൊതുയോഗം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്യുന്നു.

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുറ്റാരോപിതനായ റിബേഷിന്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു. വടകരയിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ബഹുജന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണെന്ന് ഷൈജു പറഞ്ഞു.

റിബേഷ് സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയിട്ടില്ല. ഉത്തരവാദിത്വപ്പെട്ട സംഘടനാ നേതാവ് എന്ന നിലയിൽ സമൂഹത്തിന് മുന്നറിയിപ്പ് നൽകുകയാണ് റിബേഷ് ചെയ്തത്. അതുകൊണ്ടാണ് പാറക്കൽ അബ്ദുള്ളക്കെതിരെ നിയമ നടപടിക്ക് ഇറങ്ങിയത്. റിബേഷിന് ഡി.വൈ.എഫ്.ഐ പൂർണ പിന്തുണ നൽകും. ഏത് അന്വേഷണ ഏജൻസിയും അന്വേഷിക്കട്ടെ. റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനും തയ്യാറാണ്. റിബേഷാണ് പ്രതിയെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകുമെന്നും ഷൈജു പറഞ്ഞു.