കോഴിക്കോട്: കുഞ്ഞുങ്ങളെ ആഹാരം കഴിപ്പിക്കാനും ഉറക്കാനും വരെ രക്ഷിതാക്കൾ ആശ്രയിക്കുന്നത് മൊബൈൽ ഫോണുകളെ. കുട്ടികൾ ഫോൺ അഡിക്ടാവാൻ വേറെ വഴിവേണ്ട. ഓൺലൈൻ ഗെയിമിംഗിലൂടെയും മറ്റും തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ പെട്ട് പണം പോകും. ആത്മഹത്യയിൽ വരെ ചെന്നെത്തും. ഈ വിപത്തിൽ നിന്ന് കുട്ടുകളെ കരകയറ്റാൻ കേരള പൊലീസ് ആരംഭിച്ച ഡിജിറ്റൽ ഡി അഡിക്‌ഷൻ സെന്റർ (ഡി-ഡാഡ്) ശ്രദ്ധേയമാവുന്നു. കൗൺസലിംഗിലൂടെ കുട്ടികളിലെ ഡിജിറ്റൽ ആസക്തി മാറ്റിയെടുക്കും. സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം പഠിപ്പിക്കുകയും ചെയ്യും.
ആരോഗ്യ, വനിതാ ശിശു വികസന, വിദ്യാഭ്യാസവകുപ്പുകളുടെ സഹകരണത്തോടെ 2023ൽ കോഴിക്കോടാണ് ആദ്യം നടപ്പാക്കിയത്. തുടർന്ന് തിരുവനന്തപുരം, കൊച്ചി, തൃശൂർ,കൊല്ലം, കണ്ണൂർ നഗരങ്ങളിലും. എ.എസ്.പിമാർക്കാണ് ജില്ലകളിൽ ചുമതല.
18 വയസ് വരെയുള്ളവർക്ക് സൗജന്യമാണ് കൗൺസലിംഗ്. ഓൺലൈനായും, കൂടുതൽ കൗൺസലിംഗ് വേണ്ട കുട്ടികൾക്ക് ജില്ലാ കേന്ദ്രങ്ങളിൽ ഓഫ്‌ലൈനായും സേവനം നൽകും. രക്ഷിതാക്കൾക്ക് കുട്ടികളുമായെത്തി പ്രശ്‌നപരിഹാരവും തേടാം. കുട്ടികളുടെ വിവരങ്ങൾ രഹസ്യമായിരിക്കും.
സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും അദ്ധ്യാപകരുടെയും സഹായത്തോടെ സ്കൂളുകളിൽ കുട്ടികളെ കണ്ടെത്തിയും കൗൺസലിംഗ് നൽകും. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം തിരിച്ചറിയുന്നതിന് രക്ഷിതാക്കളെയും പ്രാപ്തരാക്കും. ഇതിനായി ഡി-സേഫ് എന്ന ഡിജിറ്റൽ ടൂൾകിറ്റും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ചുവരെയാണ് സേവനം. ഹെൽപ്പ്‌ലൈൻ നമ്പർ - 9497900200.
ഡി-ഡാഡ് സെന്ററുകൾ - കോഴിക്കോട് - കൊല്ലം - കൊച്ചി - തൃശ്ശുർ - തിരുവനന്തപുരം - കണ്ണൂർ
റിപ്പോർട്ട് ചെയ്ത ആസക്തി കേസുകൾ - 101 - 147 - 105 - 107 - 30 -123
അവസാനിപ്പിച്ചവ - 48 - 114 - 60 - 68 - 12 - 83
നടന്നുകൊണ്ടിരിക്കുന്നവ - 52 - 29 - 45 - 35 - 10 - 40
ഇടയ്ക്ക് വച്ച് നിറുത്തിയ കേസുകൾ - 1 - 4 - 6 - 4 - 8 - 5
( ജൂലായ് 9 വരെയുള്ള കണക്ക് )
സമൂഹത്തിന്റെ എല്ലാതലത്തിൽ നിന്നും കുട്ടികൾ കൗൺസലിംഗിനായി എത്താറുണ്ട്. ഇവർക്ക് വളരെ മാറ്റമുണ്ടായി
-സി.ടി. അഞ്ജലി ,
കോഴിക്കോട് ഡി -ഡാഡ് സെന്റർ സൈക്കോളജിസ്റ്റ്