കോഴിക്കോട്: കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ എത്തി. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് കണ്ണാടിക്കലിലെ മൂലാടിക്കുഴിയിൽ വീട്ടിലെത്തിയ മാൽപെ അർജുനെ കണ്ടെത്തുമെന്ന് ഉറപ്പുനൽകി. അർജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, ഭാര്യ കൃഷ്ണപ്രിയ, സഹോദരങ്ങളായ അഞ്ജു, അഭിജിത്ത്, അഭിരാമി എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്.
തെരച്ചിൽ നടത്തുന്നതിന് അധികൃതർ അനുമതി നിഷേധിക്കുന്നത് പ്രയാസം സൃഷ്ടിക്കുകയാണെന്ന് മാൽപെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഡ്രെഡ്ജിംഗ് മെഷീൻ ഉപയോഗിച്ചുള്ള തെരച്ചിലാണ് ഇനി വേണ്ടത്. 30 അടി താഴ്ചയിൽ മണ്ണുണ്ട്. ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണെടുത്താൽ മാത്രമേ വാഹനം ലഭിക്കുകയുള്ളൂ. അഞ്ചുദിവസമെങ്കിലും ഡ്രഡ്ജിംഗ് നടത്തേണ്ടതുണ്ട്. ഡ്രെഡ്ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ. ഇക്കാര്യത്തിൽ കേരള സർക്കാർ എത്രയും പെട്ടെന്ന് ഇടപെടണമെന്നും മാൽപെ ആവശ്യപ്പെട്ടു.
കുടുംബത്തിന്റെ ആവശ്യപ്രകാരം മാൽപെയുടെ നേതൃത്വത്തിൽ പത്തംഗ സംഘം ഇരുപത് ദിവസത്തോളം ഗംഗവാലി പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. ലോറിയുടെ ഹൈഡ്രോളിക് ജാക്കി, കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ കണ്ടെത്തിയെങ്കിലും അർജുനെ കുറിച്ച് സൂചനകൾ ലഭിച്ചിരുന്നില്ല. തെരച്ചിൽ താത്ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.