കോഴിക്കോട്: കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ സൈക്കിൾ ട്രാക്കിനും ഓപ്പൺജിമ്മിനും സൗത്ത് ബീച്ചിൽ ദുരവസ്ഥ. ആധുനികരീതിയിൽ കോടികൾ ചെലവഴിച്ച് നവീകരിച്ച ബീച്ചിൽ 2020 ജനുവരിയിൽ തുടങ്ങിയ സൈക്കിൾട്രാക്കും ഓപ്പൺജിമ്മുമാണ് നഗരത്തിന് നാണക്കേടായി നശിക്കുന്നത്. കുട്ടികൾ സൈക്കിളുമെടുത്ത് എത്തിയാൽ ട്രാക്കാകെ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. പ്രഭാത സവാരിക്കെത്തുന്നവർ ജിമ്മിലേക്ക് കയറിയാൽ പലതും തുരുമ്പെടുത്ത് മുന്നോട്ടും പിന്നോട്ടും തിരിക്കാനാവാത്ത അവസ്ഥ. നവീകരിച്ച നടപ്പാതയ്ക്ക് താഴെ ബീച്ചിലേക്ക് നോക്കിയാൽ എങ്ങും മാലിന്യം വിതറി നാറുന്ന അവസ്ഥയും. കോടികൾ മുടക്കി നവീകരിച്ചൊരു ബീച്ചും സംവിധാനങ്ങളും ഈ തരത്തിൽ നശിക്കുമ്പോൾ അധികൃതരാരും ശ്രദ്ധിക്കുന്നില്ല. സൈക്കിൾ ട്രാക്കും ഓപ്പൺജിമ്മും ഉപയോഗിക്കാൻ കഴിയാതായതോടെ ഇവിടേക്കുള്ള ആളുകളുടെ വരവും കുറയുകയാണ്.
സൗത്ത് ബീച്ചിന് തെക്ക് പള്ളിക്കണ്ടി കോതി അപ്രോച്ച് റോഡിലാണ് സൈക്കിൾ ട്രാക്ക്. നടുവിൽ സൈക്കിൾ ട്രാക്കും ഇരുവശത്തും നടപ്പാതയുമായി ഒരു കിലോമീറ്ററോളം നീളവും മൂന്നു മീറ്ററോളം വീതിയുമുള്ള ട്രാക്ക്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പൊതുറോഡിനോട് ചേർന്നും ബീച്ചരികിലുമായി സൈക്കിൾ ട്രാക്ക് ഉണ്ടാക്കിയത്. ഒപ്പം സൈക്കിളുമായിട്ടെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി ജിമ്മും നിർമ്മിച്ചു. ഏതാണ്ട് ഒന്നരക്കോടിയോളമായിരുന്നു ചെലവ്. ഒരുവർഷത്തോളം നല്ല രീതിയിൽ നടന്ന സൈക്കിൾട്രാക്കും ജിമ്മുമാണിപ്പോൾ അധികൃതരുടെ അനാസ്ഥയിൽ ജനത്തിന് അന്യമാവുന്നത്.
ട്രാക്കിലും പരിസരത്തും മാലിന്യം നിറഞ്ഞിരിക്കുന്നു. ബീച്ചിൽ നടക്കാനെത്തുന്നവർ വലിച്ചെറിയുന്ന മാലിന്യവും മഴയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും ഇവിടെ കുന്നുകൂടിയിട്ടുണ്ട്. കടലിൽ കുളിച്ചു വരുന്നവരിൽ പലരും ജിം ഉപകരണങ്ങളിലാണ് വസ്ത്രങ്ങൾ വിരിച്ചിടുന്നത്. ഇതും ഉപകരണങ്ങൾ തുരുമ്പിക്കാനിടയാക്കി. പുഷ്അപ് ബെഞ്ചും ഹിപ് ഷെയ്പ്പറും ഉൾപ്പെടെ മുപ്പതിലധികം ഉപകരണങ്ങളാണ് ഇങ്ങനെ നശിക്കുന്നത്. ട്രാക്കിന്റെ വശങ്ങളിൽ ആളുകൾക്കിരിക്കാനുള്ള സൗകര്യവുമുണ്ട്. ഈ ഭാഗവും കാടുകയറിയ നിലയിലാണ്. കോടികൾ ചെലവഴിച്ച് നിർമ്മിക്കുന്ന സംവിധാനങ്ങൾ പരിപാലിക്കാനുള്ള സംവിധാനങ്ങളും അധികൃതരുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ പക്ഷം. സ്ഥിരം ജീവനക്കാരെ നിയോഗിക്കുന്നില്ലെങ്കിൽ ആഴ്ചയിലൊരിക്കലെങ്കിലും പരിപാലിക്കണമെന്നും പ്രദേശവാസികൾ പറയുന്നു.