beach
ബീച്ച് ആശുപത്രി

കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ പുതിയ ഒ.പി കൗണ്ടർ ആരംഭിച്ചെങ്കിലും രോഗികളുടെ ദുരിതത്തിന് അറുതിയില്ല. ടിക്കറ്റ് കൗണ്ടറിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ ബ്ലോക്കിലേക്ക് ഒ.പി സൗകര്യം മാറ്റിയത്. എന്നാൽ തിരക്കുള്ള ദിവസങ്ങളിൽ പോലും ഇ-ഹെൽത്ത് സോഫ്റ്റ് വെയറിന്റെ സർവർ പണിമുടക്കുന്നത് രോഗികളെ വലയ്ക്കുകയാണ്. ദിവസവും പല തവണയാണ് സർവർ ജാമാവുന്നത്. ഇതോടെ കൗണ്ടറിൽ വരിയിൽ നിൽക്കുന്ന രോഗികൾക്ക് ടോക്കൺ നൽകാൻ കഴിയാതെ പ്രയാസപ്പെടുകയാണ് ജീവനക്കാർ. ടിക്കറ്റ് കിട്ടാൻ വൈകുന്നതോടെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരുമായി വാക്ക് തർക്കത്തിലേർപ്പെടുന്നതും പതിവാണ്. ഇന്നലെയും സർവർ പണിമുടക്കി ഒ.പി ടോക്കൺ വിതരണം മുടങ്ങിയത് ആശുപത്രിയിൽ രോഗികളുടെ ബഹളത്തിനിടയാക്കി. 11.30 ഓടെയാണ് സർവർ പണി മുടക്കിയത്. 20 മിനിറ്റിലധികം ടോക്കൺ വിതരണം നിലച്ചു. ഇതോടെ വരിയിൽ നിന്ന രോഗികൾ ബഹളം വയ്ക്കുകയായിരുന്നു. പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ഡോക്ടർമാരുടെ പണിമുടക്ക് ആയിരുന്നതിനാൽ ഇന്നലെ ഒ.പിയിൽ കൂടുതൽ പേർ എത്തിയിരുന്നു.

സെർവർ പണിമുടക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ടോക്കൺ കൊടുക്കൽ നിലക്കുന്നതോടെ മണിക്കൂറുകളാണ് രോഗികൾക്ക് കാത്തിരിക്കേണ്ടി വരുന്നത്. പ്രശ്നം പരിഹരിച്ച് ടിക്കറ്റ് കൊടുത്ത് തുടങ്ങുമ്പോഴേക്കും ഡോക്ടറെ കാണാൻ നീണ്ട ക്യൂവായിരിക്കും. തിരക്ക് കാരണം ഡോക്ടറെ കാണാതെ രോഗികൾക്ക് മടങ്ങേണ്ടി വരും. മാത്രമല്ല പുതിയ ഒപിക്ക് മുമ്പിൽ മഴയും വെയിലും ഏൽക്കാതിരിക്കാൻ ഷെൽട്ടർ സംവിധാനം ഇല്ലാത്തതും രോഗികളെ ബുദ്ധിമുട്ടിക്കുകയാണ്. അതേസമയം ബീച്ച് ആശുപത്രിയിൽ മാത്രമല്ല ജില്ലയിലെ പല ആശുപത്രികളിലും ഇ-ഹെൽത്ത് മൂലം സെർവർ ഡൗണാകുന്നത് തിരക്ക് വർദ്ധിപ്പിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.