fish
fish

കോഴിക്കോട്: ഏഴുകോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ചാലിയം മാതൃക മത്സ്യഗ്രാമം പദ്ധതിയിൽ മത്സ്യതൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് 9 വിവിധ പദ്ധതികൾ. പദ്ധതിക്ക് 7 കോടിയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. 47 ലക്ഷം വകയിരുത്തിയ, ചാലിയം ഫിഷ് ലാൻഡിംഗ് കേന്ദ്രത്തോടനുബന്ധിച്ചുള്ള സ്ഥലങ്ങളുടെ വികസനമാണ് ആദ്യ പദ്ധതി. ഇവിടെ ആധുനിക രീതിയിൽ ഫ്രീസർ യൂണിറ്റും ഡിസ് പ്ലേ റാക്കും ഉൾപ്പെടെയുള്ള മത്സ്യവിൽപ്പന സ്റ്റാളുകൾ ഫിഷിംഗ് കണ്ടെയിനറുകളിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കണ്ടെയിനറിന് 9 ലക്ഷം രൂപ ചെലവിൽ നാല് കണ്ടെയിനറുകൾ സ്ഥാപിക്കും. ഓൺലൈൻ മത്സ്യവിപണനത്തിന് 4 സ്കൂട്ടറുകളും നൽകും.

കടലുണ്ടി കപ്പലങ്ങാടിയിൽ 250.93 ലക്ഷം ചെലവിൽ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രമാണ് രണ്ടാമത്തെ പദ്ധതി.

മത്സ്യത്തൊഴിലാളി വനിതകൾക്കായി ഫിഷ് വെന്റിംഗ് പദ്ധതിയാണ് മറ്റൊന്ന്. ഫിഷ് ലാൻഡിംഗ് കേന്ദ്രത്തിന്റെ അനുബന്ധ സ്ഥലത്ത് 29 ലക്ഷം രൂപ ചെലവിൽ ബോട്ട് റിപ്പയർ കേന്ദ്ര(ഔട്ട്‌ബോർഡ് മോട്ടോർ റിപ്പയർ കേന്ദ്രം)മാണ് അടുത്ത പദ്ധതി.

ഐസ് ബോക്സ് സൗകര്യമുള്ള 50 ഇ-സ്കൂട്ടറുകൾ മത്സ്യതൊഴിലാളികൾക്കും വനിതാ മത്സ്യതൊഴിലാളികൾക്കും വിതരണം ചെയ്യുന്നതാണ് വേറൊന്ന്. മത്സ്യഗ്രാമത്തിലെ 100 പേർക്ക് ഐസ് ബോക്സ് വിതരണം, തീരശോഷണം തടയാൻ പദ്ധതി, കൃത്രിമ പാര് നിർമ്മാണം എന്നിവയാണ് മറ്റ്പദ്ധതികൾ.

കപ്പലങ്ങാടിയിലെ ഫിഷറീസ് ട്രെയിനിംഗ്-കം-റിഹാബിലിറ്റേഷൻ കേന്ദ്രത്തിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പരിശീലനം, അത്യാവശ്യഘട്ടത്തിൽ പുനരധിവാസ കേന്ദ്രമായി ഉപയോഗിക്കൽ എന്നിവയ്ക്ക് പുറമേ ഇത് മത്സ്യത്തൊഴിലാളികളുടെ സാംസ്കാരിക കേന്ദ്രമായും മാറ്റും. മത്സ്യബന്ധന മേഖലയിലെ അനുബന്ധ തൊഴിലാളികൾക്കാണ് ഐസ് ബോക്സ് സൗകര്യമുള്ള ഇ-സ്കൂട്ടറുകളും ഐസ് ബോക്സുകളും വിതരണം ചെയ്യുക. ഈ പദ്ധതിയും ഉടൻ പ്രാവർത്തികമാക്കും. തീരശോഷണം തടയാനുള്ള കോസ്റ്റൽ ബയോഷീൽഡിംഗ് പദ്ധതി പ്രകാരം തീരത്ത് കണ്ടലോ കാറ്റാടിമരങ്ങളോ നട്ടുപിടിപ്പിക്കും. ചാലിയം മത്സ്യഗ്രാമം തീരത്തുനിന്ന് 10-15 മീറ്റർ ദൂരത്താണ് കടലിൽ കൃത്രിമ പാര് സൃഷ്ടിക്കുക. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഉദ്ദേശിച്ച് 150 പാരുകളാണ് നിർമ്മിക്കുക. പദ്ധതികൾക്ക് പുറമെ മത്സ്യഗ്രാമം പദ്ധതിയുടെ ഭാഗമായി ചാലിയം, പുലിമുട്ട് എന്നിവിടങ്ങളിൽ പാർക്കിംഗിന് അധികസ്ഥലമൊരുക്കും. 106.70 ലക്ഷമാണ് ചെലവ്.

ചാലിയം മാതൃകാ മത്സ്യഗ്രാമം പദ്ധതിക്കായി നോഡൽ ഓഫീസറെ നിയമിക്കുമെന്നും മന്ത്രി റിയാസ് അറിയിച്ചു. ചാലിയം ഹാർബറിൽ പുറത്തുനിന്നുള്ളവരുടെ അനധികൃത പെട്ടിക്കടകൾ ഉടൻ തന്നെ നീക്കം ചെയ്യും.