arjun

കർണ്ണാടകയിലെ അങ്കോലയിൽ ജൂലായ് 16ന് ഉണ്ടായ മണ്ണിടിച്ചിൽ കേരളത്തിലും വാർത്തയായിരുന്നു. എന്നാൽ പിന്നീട് തെട്ടടുത്ത ദിവസങ്ങളിൽ വന്ന വാർത്തകൾ ഓരോ മലയാളികളുടെയും ഉള്ളുലയ്ക്കുന്നതായിരുന്നു. കർണാടകയിൽ നിന്നും കേരളത്തിലേക്ക് മടങ്ങിവന്ന കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ചിരുന്ന ലോറിയും മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതോടെ മലയാളികൾ ഒന്നടങ്കം അർജുന്റെ മടങ്ങി വരവിനായി പ്രാർത്ഥിച്ചു തുടങ്ങി. തുടക്കത്തിൽ ലഭിച്ചിരുന്ന പല ശുഭസൂചനകളും പ്രതീക്ഷയ്ക്ക് വകയുള്ളതായിരുന്നു. എന്നാൽ സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കാതെ കർണാടക സർക്കാ‌ർ വേണ്ട രീതിയിൽ ഇടപെടൽ നടത്തുന്നില്ല എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പിന്നീട് കേരളം മുഴുവൻ ഉറ്റു നോക്കിയിരുന്ന മൺകൂന പ്രതികൂലകാലവസ്ഥയിലും പൂർണ്ണമായും മാറ്റിയെങ്കിലും അർജുന്റെയോ ലോറിയുടെയോ ഒരു തെളിവുപോലും ലഭിക്കാതിരുന്നത് ലോറി പുഴയിലാണെന്ന സംശയം ബലപ്പെടുത്തി. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്, അർജുനെ കാണാതായിട്ട് 36 ദിവസം പിന്നിടുമ്പോഴും പ്രതീക്ഷയോടെ കുടുംബം കാത്തിരിക്കുകയാണ്.

കാത്തിരിപ്പോടെ കുടുംബം

ഊണും ഉറക്കവുമില്ലാതെ കോഴിക്കോട്‌ കണ്ണാടിക്കലിലെ മൂലാടിക്കുഴിയിൽ ഒരു കുടുംബം പ്രിയപ്പെട്ടവനെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ഇത്രയും നാൾ കഴിഞ്ഞിട്ടും അർജുനേയോ അർജുൻ ഓടിച്ചിരുന്ന ലോറിയോ കണ്ടെടുക്കാത്തതും കുടുംബത്തെ സങ്കട കണ്ണീരിലാഴ്ത്തുകയാണ്. രാഷ്ട്രീയ പ്രമുഖന്മാർ മുതൽ മന്ത്രിമാർവരെ ആശ്വസിപ്പിക്കാൻ എത്തുന്നുണ്ടെങ്കിലും കരഞ്ഞു തളർന്ന കുടുംബം ഈ നിമിഷവും പ്രതീക്ഷ കെെവിട്ടിട്ടില്ല. എത്ര ദൂരെ പോയാലും കുടുംബത്തെ ചേർത്തു നിറുത്തിയിരുന്ന അർജുൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അവർ. അർജുനെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അമ്മയും അച്ഛനും ഭാര്യയും മകനും സഹോദരിമാരും അടങ്ങുന്ന ആ വീട്. കുടുംബം പോറ്റാൻ 20-ാമത്തെ വയസ്സിൽ വളയം പിടിച്ച വീടിന്റെ നെടുംതൂണായ അർജുനില്ലാതെ ഇത്രയും ദിവസം തള്ളി നീക്കിയത് എങ്ങനെയെന്ന് അവർക്കറിയില്ല. അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകൻ അയാനെ മൂകാംബികയിൽ എഴുത്തിനിരുത്തണം എന്നിങ്ങനെ നൂറു കൂട്ടം സ്വപ്നങ്ങൾ ബാക്കിവച്ചാണ് അർജുൻ വീട്ടുകാരോട് യാത്രപറഞ്ഞിറങ്ങിയത്.

അപ്രതീക്ഷിത ദുരന്തം

ജൂലായ് 15-നാണ് ബെൽ​ഗാമിൽ നിന്നും തടിയുമായി എടവണ്ണയിലേക്ക് അർജുൻ തിരിച്ചത്. 16ന് ദക്ഷിണ കന്നഡയിൽ ഷിരൂരിൽ പനവേൽ-കന്യാകുമാരി ദേശീയപാതയിൽ ഗംഗാവലി പുഴയോരത്ത് വണ്ടി നിറുത്തി വിശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ മണ്ണിടിച്ചിൽ ഉണ്ടായതെന്നാണ് വിലയിരുത്തൽ. പിന്നീട് അർജുനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി. അർജുനെ കാണാതായ അന്നുതന്നെ കുടുംബവും ലോറി ഉടമ മനാഫും കർണാടക പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് ആ പരാതി കാര്യമായിട്ടെടുത്തില്ല. ആദ്യ രണ്ടുദിനങ്ങളിൽ രക്ഷാപ്രവർത്തനം കാര്യമായിട്ടുണ്ടായില്ല. തുടർന്ന് കേരളത്തിലെ മാദ്ധ്യമങ്ങളിൽ വിഷയം വലിയ വാർത്തയായതോടെ ഇഴഞ്ഞു നീങ്ങിയ അന്വേഷണം വേഗത്തിലായി. കേരള സർക്കാരും കർണ്ണാടക സർക്കാരും ഇടപെട്ടതോടെ അർജുനെ കാണാതായി മൂന്നാം ദിനം ആത്മാർത്ഥതയോടെ തിരച്ചിൽ പുനരാരംഭിച്ചു. ദേശീയ പാതയോരത്ത് ഇടിഞ്ഞുവീണ മണ്ണിനടിയിൽ ലോറിയുണ്ടോയെന്നായിരുന്നു ആദ്യ പരിശോധന. അർജുനെ കാണാതായ ദിവസവും അടുത്ത ദിവസവും ഫോൺ റിങ് ചെയ്തിരുന്നുവെന്ന കുടുംബത്തിന്റെ വാക്കുകളും പ്രതീക്ഷയുണർത്തിയിരുന്നു.

തിരച്ചിൽ ഗംഗാവലി പുഴയിലേക്ക്

ദിവസങ്ങൾ നീണ്ട തിരിച്ചിലിനൊടുവിൽ മണ്ണിനടിയിൽ ലോറിയില്ലെന്നും ഗംഗാവലി പുഴിയിലാണെന്നും ഔദ്യോഗിക സ്ഥിരീകരണം വന്നു. മണ്ണ് നീക്കിയിട്ടും ലോറിയുടെ അവശിഷ്ടം പോലും കണ്ടെത്താൻ സാധിക്കാത്തതോടെ തിരച്ചിൽ ഗംഗാവലിപുഴയിലേക്ക് മാറ്റി. എന്നാൽ കനത്ത മഴയും അടിയൊഴുക്കും നദിയിലെ തിരച്ചിന് തടസം സൃഷ്ടിച്ചു. മലയാളിയായ റിട്ട മേജർ ജനറൽ എം.ഇന്ദ്രബാലനും സംഘവുമെത്തിയിട്ടും മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപയുടെ ഒറ്റയാൾ ശ്രമങ്ങളും ഫലത്തിലെത്തിയില്ല. ശക്തമായ അടിയൊഴുക്കുകാരണം നേവിക്കും ഈശ്വർ മാൽപെയ്ക്കും നദി കേന്ദ്രീകരിച്ചുള്ള തിരച്ചിൽ നടത്താനായില്ല. തുടർന്ന് താത്ക്കാലികമായി തിരച്ചിൽ നിറുത്തിവെച്ചിരുന്നു. എന്നാൽ ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതിൽ അർജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി
രംഗത്തെത്തിയിരുന്നു. തെരച്ചിൽ വീണ്ടും ആരംഭിച്ചില്ലെങ്കിൽ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന നിലപാട് എടുത്തതോടെയാണ് വീണ്ടും തിരച്ചിൽ പുനരാരംഭിച്ചത്. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ അർജുൻ ഓടിച്ച ലോറിയിൽ കെട്ടിയിരുന്ന കയർ കണ്ടെത്തിയിരുന്നു. 50 മീറ്റർ നീളമുള്ള കയറാണ് തിരച്ചിൽ സംഘത്തിന് ലഭിച്ചത്. അതേ സമയം

പുഴയിൽ മണ്ണും കല്ലും അടിഞ്ഞുകൂടിയതിനാൽ ഡ്രെഡ്ജ് ചെയ്യാതെ ഇനി തെരച്ചിൽ മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ. 30 അടി താഴ്ചയിൽ മണ്ണുണ്ട്. എന്നാൽ ഡ്രെഡ്ജർ എത്തിക്കാൻ ഫണ്ടില്ലെന്ന നിലപാടിലാണ് കർണാടക സർക്കാർ.

ആശ്വാസം ചൊരിഞ്ഞ്

കരഞ്ഞു തളർന്ന ആ കുടുംബത്തെ കാണാനും പ്രതീക്ഷ നൽകാനും കെെവിട നിരവധി പേ‌ർ അർജുന്റെ വീട്ടിലെത്തുന്നുണ്ട്. മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കുടുംബവുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. അർജുനെ കണ്ടെത്തുമെന്ന് വാക്കും നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഗോവ ഗവർണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള, വിവിധ മന്ത്രിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും വീട്ടിലെത്തി കുടുംബത്തിന് എല്ലാ വിധ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തിരുന്നു.

പ്രതീക്ഷകളുടെ മേൽ നിരാശയുടെ കരിനിഴൽ വീഴ്ത്തിയുള്ള ദിനങ്ങളിലൂടെയാണ് കുടുംബം ഇപ്പോൾ കടന്നുപോകുന്നത്. കേരള സർക്കാർ ഇടപെട്ട് എത്രയും പെട്ടന്ന് തന്നെ തിരച്ചിൽ ഊർജിതമാക്കുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമായണ് നാട്ടുകാരും ലോകമെമ്പാടുമുള്ള മലയാളികളും.