കൊയിലാണ്ടി: നഗരസഭ നിർമ്മിക്കുന്ന ആധുനിക സൗകര്യമുള്ള ഷോപ്പിംഗ് കോംപ്ളക്സിന്റെ നിർമ്മാണം പുരോഗമിക്കുന്നു. മൂന്ന് നിലയിലെ കോൺക്രീറ്റ് പൂർത്തിയായി. നവംബറോടെ കെട്ടിടത്തിലെ മുറികൾ ലേലം ചെയ്തുതുടങ്ങും. 22 കോടി രൂപ ചെലവിൽ ആറ് നിലകളിലായാണ് ഷോപ്പിംഗ് കോപ്ളക്സ് ഒരുങ്ങുന്നത്. ഓരോ നിലയും 10,000 ചതുരശ്രഅടിയാണ്. ആകെ വിസ്തീർണം 60,000ചതുരശ്ര അടി. ഗ്രൗണ്ട് ഫ്ലോറിലും ഒന്നാം നിലയിലുമായി 21 കട മുറികളുണ്ടാകും. രണ്ട്, മൂന്ന് നിലകളിൽ ജുവലറികൾ, ധനകാര്യസ്ഥാപനങ്ങൾ എന്നിവ നടത്താനുള്ള സംവിധാനങ്ങളുണ്ടാകും. നാലാം നിലയിൽ മൾട്ടി പ്ലസ് തിയേറ്റർ.
കെട്ടിടത്തിന് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും. നൂറോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കും. കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ കൊയിലാണ്ടിയും ആധുനിക നിലയിലേക്ക് വളരും. കേരള അർബൻ ആൻഡ് റൂറൽ ഫിനാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ നിന്ന് വായ്പയെടുത്താണ് കെട്ടിടം നിർമ്മിക്കുന്നത്. മഞ്ചേരിയിലെ നിർമ്മാൺ കൺസ്ട്രക്ഷനാണ് നിർമ്മാണച്ചുമതല.