കോഴിക്കോട്: നാലു വർഷമായി നവീകരണം നടക്കുന്ന മാവൂർ റോഡ് ശ്മശാനം ഒക്ടോബറിൽ തുറക്കും. പരമ്പരാഗത രീതിയിലുള്ള രണ്ടും വൈദ്യുത ചിതയും മൂന്ന് ഗ്യാസ് ചിതകളുമടക്കം ആറു ചിതകളാണുള്ളത്. 2020 ഒക്ടോബറിലാണ് ശ്മശാനത്തിന്റെ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. എം.എൽ.എ ഫണ്ടും കോർപ്പറേഷൻ വിഹിതവും ഉൾപ്പെടെ നാലു കോടി രൂപയാണ് ആകെച്ചെലവ്. ഏതാനും പണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്.

ഇലക്ട്രിക് ശ്മശാനം മാത്രം നിലനിറുത്തി മറ്റെല്ലാം പൊളിച്ചുമാറ്റിയാണ് നിർമ്മാണം നടത്തിയത്. വലിയ പ്രതിസന്ധിയായ വെള്ളക്കെട്ട് ഒഴിവാക്കാൻ തറ ഒരു മീറ്ററിലധികം ഉയർത്തിയിട്ടുണ്ട്. 5,​250 ചതുരശ്ര അടിയിലാണ് ശ്മശാനം നിർമ്മിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിൽ സംസ്‌കാരം നടത്താനും കുളിക്കാനും മറ്റാവശ്യങ്ങൾക്കുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണവും ഗന്ധവും ഇല്ലാതാക്കാനുള്ള സംവിധാനവുമുണ്ട്.

2020ൽ അടച്ചെങ്കിലും ഭാഗിക നവീകരണം നടത്തി ഇടയ്ക്ക് തുറന്നിരുന്നു. ഇലക്ട്രിക് ശ്മശാനത്തിലെ ഫർണസ് തകരാറും മറ്റു കാരണങ്ങളും കൊണ്ടാണ് പൂർണമായും അടച്ചത്. വാതക ശ്മശാനത്തിൽ വാതകം ചോർന്ന് തീ പിടിച്ചിരുന്നു. ഇത് പരിഹരിച്ചെങ്കിലും തറഭാഗം തകർന്നതിനാൽ വെള്ളം കയറി വീണ്ടും പ്രവർത്തനം മുടങ്ങി. ഇതോടെയാണ് വാതക ശ്മശാനവും അടച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ച്,​ പുത്തൻ സംവിധാനങ്ങളോടെയാണ് വീണ്ടും തുറക്കുന്നത്.

അത്യാധുനിക രീതിയിലാണ് ശ്മശാനം നവീകരിച്ചിട്ടുള്ളത്. ഒക്ടോബറിൽ തുറക്കും. മിനുക്കുപണികളാണ് ബാക്കിയുള്ളത്.

പി.സി.രാജൻ,​

ചെയർമാൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി