കോഴിക്കോട്: ജില്ലയിൽ 45 കോടി രൂപയുടെ റെക്കോർഡ് വിറ്റുവരവുമായി കേരള ചിക്കൻ. ഗുണമേന്മയുള്ള കോഴിയിറച്ചി മിതമായ വിലയിൽ വിപണിയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2021 ലാണ് ജില്ലയിൽ കുടുംബശ്രീ വഴി നേരിട്ട് ചിക്കൻ വിൽപ്പന ആരംഭിച്ചത്. ദിവസം ശരാശരി 25,000 കിലോ ചിക്കൻ വിപണിയിൽ എത്തിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വർഷം മാത്രം 15 കോടിയുടെ വിറ്റുവരവുണ്ടായി. ഈ വർഷം ഏപ്രിൽ മുതൽ ഇന്നലെ വരെ എട്ടര കോടിയുടെ വിറ്റുവരവുമാണ് ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 293 കോടിയാണ് വിറ്റുവരവ്. 216 കോടി കിലോ ചിക്കനാണ് വിൽപ്പന നടത്തിയത്.
55 ഫാമുകളും 18 ഔട്ട്ലറ്റുകളും
കേരളചിക്കന് ജില്ലയിൽ 55 ഫാമുകളും 18 ഔട്ട്ലറ്റുകളുമാണുളളത്. കുടുംബശ്രീ അംഗങ്ങളായ 36 വനിതകളാണ് ഫാമിന്റെ ഗുണഭോക്താക്കൾ. 1000 മുതൽ 10000 വരെ കോഴിക്കുഞ്ഞുങ്ങളെ ഉൾക്കൊള്ളാവുന്നതാണ് ഓരോ ഫാമും. 2019 ൽ കുടുംബശ്രീ വഴി ആരംഭിച്ച കേരളചിക്കൻ ഘട്ടംഘട്ടമായാണ് ഓരോ ജില്ലകളിലേക്കും വ്യാപിപ്പിച്ചത്. 45 ദിവസം കോഴികളെ വളർത്തി കൈമാറുമ്പോൾ കർഷകർക്ക് ശരാശരി 50,000 രൂപയും ഔട്ട്‌ലെറ്റ് നടത്തിപ്പുകാർക്ക് മാസം 87,000 രൂപയുമാണ് വരുമാനം ലഭിക്കുക. വളർച്ചയെത്തുമ്പോൾ നിശ്ചിത തുക നൽകി തിരികെയെടുക്കും. തീറ്റ, മരുന്ന് തുടങ്ങിയ ആനുകൂല്യങ്ങളും സൗജന്യമാണ്. കോഴിക്കുഞ്ഞുങ്ങൾക്ക് ആന്റി ബയോട്ടിക്കുകളും മറ്റും നൽകാത്തതിനാൽ ഗുണമേന്മയുള്ള മായം കലരാത്ത കോഴിയിറച്ചിയാണ് വിപണിയിലെത്തിക്കുന്നത്.
സാധാരണക്കാർക്ക് ആശ്വാസം
കോഴിവില ദിനം പ്രതി ദിനം വർദ്ധിക്കുമ്പോൾ സാധാരണക്കാർക്ക് ആശ്വാസമാകുകയാണ് കേരള ചിക്കൻ. നിലവിൽ കേരള ചിക്കൻ കോഴിയിറച്ചിക്ക് 169 രൂപയും കോഴിക്ക് 113 രൂപയുമാണ്. പൊതുമാർക്കറ്റിൽ കിലോ ചിക്കന് ഇന്നലെ 190-200 രൂപയാണ്. പൊതുവിപണിയേക്കാൾ പലപ്പോഴും വില കുറയുന്നതിനാൽ കേരള ചിക്കന്റെ സ്വീകാര്യത വർദ്ധിച്ചതായി കുടുംബശ്രീ അധികൃതർ പറയുന്നു.
പദ്ധതി ഇവിടങ്ങളിൽ
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
കാസർകോട്, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. പ്രവർത്തനം വ്യാപിപ്പിക്കുന്നതോടെ ഔട്ട്‌ലെറ്റുകളുടെയും ഫാമുകളുടെയും എണ്ണം ഉയരും.
ഐശ്വര്യ,
ജില്ലാ പോഗ്രാം മാനേജർ,
ആനിമൽ ഹസ്ബൻഡറി
കുടുംബശ്രീ മിഷൻ