കോഴിക്കോട്: ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാളായിരുന്നു രാജീവ് ഗാന്ധിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. രാജീവ് ഗാന്ധിയുടെ 80-ാം ജന്മദിനത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സദ്ഭാവന ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണവും ശാസ്ത്രബോധവുമുള്ള ഭാവനാസമ്പന്നനായ മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ശാസ്ത്ര,​ സാങ്കേതിക രംഗങ്ങളിൽ രാജ്യത്ത് വൻക്കുതിപ്പ് ഉണ്ടായത് രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തിലാണ്. കമ്മ്യൂണിക്കേഷൻ രംഗത്തെ വിപ്ലവകരമായ മുന്നേറ്റത്തിന് അദ്ദേഹം നേതൃത്വം കൊടുത്തു. പഞ്ചായത്തീരാജ് നിയമം, 18 വയസ് തികഞ്ഞവർക്ക് വോട്ടവകാശം, കൂറുമാറ്റ നിരോധന നിയമം, വനിതാസംവരണം, അഴിമതികാർക്കും അധികാര ദല്ലാളന്മാർക്കും എതിരെയുള്ള ഉറച്ച നിലപാടുകൾ എന്നിവ അദ്ദേഹത്തെ ശ്രദ്ധേയനായ ഭരണാധികാരിയാക്കി. കോമൺവെൽത്ത് രാഷ്ട്രങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തി അയൽ രാജ്യങ്ങളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാ‌ർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.എം.അഭിജിത്, കെ.രാമചന്ദ്രv, കെ.പി.ബാബു, ഇ.നാണു, പി.എം.അബ്ദുറഹിമാൻ, സുൽഫിക്കർ അലി, ചോലക്കൽ രാജേന്ദ്രൻ, ഷാജിർ അറഫാത്ത്, പി.കുഞ്ഞിമൊയ്തീൻ, എൻ.ഷെറിൽബാബു, രമേശ് നമ്പിയത്ത്, ഗൗരി പുതിയോത്ത്, അഡ്വ. പ്രമോദ് കക്കട്ടിൽ, അഡ്വ. എം.രാജൻ എന്നിവർ സംസാരിച്ചു.