കോഴിക്കോട്: ചരിത്രം മാത്രമല്ല കവിതയും വഴങ്ങും എം.ജി.എസ് നാരായണനെന്ന എം.ജി.എസിന്. ചരിത്ര വഴികളിലെപ്പോഴോ കുറിച്ചിട്ട കാവ്യശകലങ്ങൾ സമാഹാരമായി പിറന്നാൾ ദിനത്തിൽ മുന്നിലെത്തിയപ്പോൾ കാവ്യമധുരം. ഭാര്യയും സുഹൃത്തുക്കളും പുറത്തിറക്കിയ 'മരിച്ചു മമ ബാല്യം' എന്ന പുസ്തകമാണ് വേറിട്ട പിറന്നാൾ സമ്മാനമായത്. 70 വർഷം മുമ്പ് എഴുതിയ കവിതകൾ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. പി. രവീന്ദ്രൻ വീട്ടിലെത്തി പ്രകാശനം ചെയ്തു.വീട്ടിലെ കടലാസ് ശേഖരം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കവിതകൾ ഭാര്യ പ്രേമലതയുടെ ശ്രദ്ധയിൽപെടുന്നത്. വിദ്യാർത്ഥി കാലം തൊട്ടേ എഴുതിയ കവിതകൾ അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാം സുഹൃത്തും പ്രസാധകനുമായ ടി.കെ. സുധാകരന് കൈമാറിയതും കാവ്യ സമാഹാരമായി മാറി. എം.ജി.എസിന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ഡോ. ആർസുവിന്റേതാണ് അവതാരിക. പ്രേമം, വഞ്ചന, സന്ദേശം, കാമിനി, ഗ്രാമഭംഗി, മരിച്ചു മമ ബാല്യം, സമരപ്രഖ്യാപനം, നിത്യതയുടെ പൂന്തോട്ടം, ചൈനയിലെ ചെന്താരം, കൊയ്ത്തുകാരി തുടങ്ങി 54 കവിത സമാഹരങ്ങളുടെയും പ്രസാദ്ധകർ ഇന്ത്യ ബുക്‌സാണ്.