kurtc
ബൈപ്പാസ് റൈഡർ ബസുകൾ.

കോഴിക്കോട്: യാത്രക്കാരെ പെരുവഴിയിലാക്കി കെ.എസ്.ആർ.ടി.സിയുടെ ബൈപ്പാസ് റൈഡർ ബസുകൾ. യന്ത്രത്തകരാറുമൂലം ഇവ വഴിയിൽ കുടുങ്ങുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഓരോ മണിക്കൂർ ഇടവിട്ട് ബൈപ്പാസ് റൈഡർ സർവീസ് നടത്താറുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ജൻറം എ.സി ലോ ഫ്ലോർബസുകളാണ് ബൈപ്പാസ് സർവീസ് നടത്തുന്നത്. ഇടയ്ക്ക് വച്ച് കേടാവുന്നതിനാൽ സമയം നന്നായി വൈകിയാണ് ലക്ഷ്യസ്ഥാനത്തെത്തുക. ഇത് ദീർഘദൂര യാത്രക്കാരെയാണ് മണിക്കൂറുകളോളം പെരുവഴിയിലാക്കുന്നത്. ദിനംപ്രതി നാലും അതിൽ കൂടുതലും ബൈപ്പാസ് റൈഡറുകളാണ് ബ്രേക്ക്ഡൗൺ ആയി പാതിവഴിയിൽ സർവീസ് നിറുത്തേണ്ടി വരുന്നത്. പിന്നീട് മറ്റ് ഡിപ്പോകളിൽനിന്ന് ബസുകൾ എത്തിച്ചാണ് യാത്ര തുടരുക. അല്ലെങ്കിൽ പിന്നാലെ വരുന്ന ബസുകളിൽ കയറ്റിവിടും. ചില സർവീസുകൾ കോഴിക്കോട് നിന്ന് തുടങ്ങി തിരുവനന്തപുരം എത്തുമ്പോഴേക്കും യന്ത്രത്തകരാറുകൾ കാരണം രണ്ടും മൂന്നും ബസുകൾ മാറി ഓടേണ്ട സാഹചര്യവും പതിവാണെന്ന് ജീവനക്കാർ പറയുന്നു. എ.സി ബസിൽ എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥലത്ത് എത്താം എന്ന് കരുതിയാണ് യാത്രക്കാർ ബൈപാസ് റൈഡർ ബുക്ക് ചെയ്യുന്നത്. എന്നാൽ മണിക്കൂറുകൾ വൈകി നോൺ എ.സി ബസുകളിൽ കയറി യാത്ര തുടരേണ്ട അവസ്ഥയിലാണ് പലപ്പോഴും യാത്രക്കാർ.

വിനയാവുന്നത് കാലപ്പഴക്കം

ജൻറം ബസുകളുടെ കാലപ്പഴക്കവും കൃത്യമായി അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ഇടയ്ക്കിടെ കേടാവാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്.

യാത്ര മുന്നൊരുക്കങ്ങളില്ലാതെയോ?

കോഴിക്കോട് നിന്ന് 10 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുമെന്നതാണ് ബൈപാസ് റൈഡറിന്റെ പ്രധാന പ്രത്യേകതയായി അധികൃതർ പറയുന്നത്. ഇതിനായി പല പ്രധാനപ്പെട്ട സ്റ്റാന്റുകളും ഒഴിവാക്കിയാണ് സർവീസ്. എന്നാൽ റോഡിലെ തിരക്കും ബസുകൾ പാതിവഴിയിൽ പണിമുടക്കുന്നതും കാരണം 14ഉം 15ഉം മണിക്കൂർ ഓടിയാണ് ബസുകൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. കോഴിക്കോട് നിന്ന് പുറപ്പെടുന്ന സർവീസിന് തിരുവനന്തപുരം ജില്ലയിലെ സമീപ സ്ഥലത്ത് നിന്ന് വരെ തിരുവനന്തപുരത്തേക്ക് ബുക്ക്‌ ചെയ്യാം. പിന്നീട് എന്തിനാണ് പ്രധാനപ്പെട്ട ബസ് സ്റ്റാൻഡിൽ പോലും കയറാതെ സർവീസ് നടത്തുന്നതെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ല. പ്രധാനപ്പെട്ട ഡിപ്പോയിൽ നിന്ന് മാത്രം റിസർവേഷൻ പോയിന്റ് നൽകുന്നതിന് പകരം മുഴുവൻ ഡിപ്പോകളിലും റിസർവേഷൻ പോയിന്റ് നൽകിയിട്ടുണ്ട്. മുമ്പ് കോഴിക്കോട് - തിരുവനന്തപുരം ഇതേ സർവീസ് ഓടിയിരുന്നത് എറണാകുളത്തുനിന്ന് ക്രൂ ചേഞ്ച്‌ സംവിധാനത്തിൽ ആയിരുന്നു. അന്ന് മികച്ച കളക്ഷനും ജോലി ചെയ്യാൻ ആയാസവുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. വേണ്ടത്ര മുന്നൊരുക്കങ്ങളെടുക്കാതെ അശാസ്ത്രീയമായ ബൈപ്പാസ് റൈഡർ നടപ്പാക്കിയതെന്നുമാണ് ജീവനക്കാർ പറയുന്നത്.