കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ മതിയായ സുരക്ഷാ ജീവനക്കാർ ഇല്ലാത്തതിനാൽ അന്തേവാസികളിൽ നിന്ന് നഴ്സിംഗ് ഓഫീസർക്ക് മർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷിതമായി ജോലി ചെയ്യാൻ കഴിയുന്നില്ലെന്നാണ് പരാതി. ഇക്കഴിഞ്ഞ 18ന് ഒരു ആരോഗ്യ പ്രവർത്തകക്ക് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. 434 രോഗികൾക്ക് 10 സുരക്ഷാ ജീവനക്കാർ മാത്രമാണുള്ളത്. ഇവിടെ പരിശീലനം ലഭിച്ച സുരക്ഷാ ജീവനക്കാരെ നിയമിക്കാൻ മുമ്പ് സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും കരാർ അവസാനിച്ചതിനാൽ ജീവനക്കാർ ഇല്ലാതായി. കഴിഞ്ഞ നാലു മാസമായി 10 സുരക്ഷാ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ടില്ലെന്നും മനസിലാക്കുന്നതായി അദ്ദേഹം പറഞ്ഞു. പത്തിൽ നാലു പേർ വനിതാസുരക്ഷാ ജീവനക്കാരാണ്. ഈ മാസം 30 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.