കുന്ദമംഗലം: സംസ്ഥാനത്തെ കിണറുകളും മറ്റ് കുടിവെള്ള സ്രോതസുകളും മലിനമായിക്കൊണ്ടിരിക്കുകയാണെന്നും ജലപരിശോധന അനിവാര്യമാണെന്നും സെന്റർ ഫോർ വാട്ടർ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിലെ (സി.ഡബ്ലിയു.ആർ.ഡി.എം) എക്കോളജി ആൻഡ് എൻവയൺമെന്റ് റിസർച്ച് ഗ്രൂപ്പ് ഹെഡും സീനിയർ സയന്റിസ്റ്റുമായ രശ്മി കേരളകൗമുദിയോട് പറഞ്ഞു. മഴ തുടങ്ങിയതോടെ മാലിന്യത്തോത് വർദ്ധിച്ചു. ഇത് മറികടക്കാൻ ജലപരിശോധന ജനകീയമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാരിന്റെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷന്റെ (എൻ.എ.ബി.എൽ) അക്രഡിറ്റേഷനുള്ള ലാബാണ് സി.ഡബ്ലിയു.ആർ.ഡി.എമ്മിൽ പ്രവർത്തിക്കുന്നത്. നേരിട്ടോ കൊറിയറിലൂടെയോ ജലമെത്തിക്കാം. ഒരാഴ്ചയ്ക്കകം റിസൾട്ട് ലഭ്യമാകും. സഞ്ചരിക്കുന്ന ലാബുമുണ്ട്. കിണറിൽ നിന്നെടുത്ത ഒരു ലിറ്റർ ജലമാണ് പരിശോധനയ്ക്ക് വേണ്ടത്. ബോട്ടിലിന് പുറത്ത് സാമ്പിൾ ശേഖരിച്ച തീയതി, സമയം, വിലാസം എന്നിവ രേഖപ്പെടുത്തണം. ബാക്ടീരിയ ടെസ്റ്റിന് ലബോറട്ടറിയിൽ നിന്ന് നൽകുന്ന അണുവിമുക്തമാക്കിയ ബോട്ടിൽ ഉപയോഗിക്കണം. വിലാസം: ഹെഡ്, വാട്ടർ ക്വാളിറ്റി ഡിവിഷൻ, സി.ഡബ്ലിയു.ആർ.ഡി.എം, കോഴിക്കോട് 673571.
കിണറുകൾ മലിനമാകാനുള്ള കാരണങ്ങൾ
1. തുറന്നു കിടക്കുന്നത്
2. പരിസരത്തെ രാസവളം ഉപയോഗിച്ചുള്ള കൃഷി
3. പരിസരത്തെ കാലിത്തൊഴുത്തുകൾ
4. സെപ്റ്റിക് ടാങ്കിലുണ്ടാവുന്ന ലീക്ക്
5. സെപ്റ്റിക് ടാങ്കിന്റെ സാമീപ്യം
പരിഹാരം
കിണറിന് ചുറ്റും മൂന്നു അടിയെങ്കിലും ഉയരത്തിൽ ആൾമറയും ചുറ്റും ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് പ്ലാറ്റ്ഫോമും നിർമ്മിച്ചിരിക്കണം. കിണറിനടുത്ത് മാലിന്യം ഉപേക്ഷിക്കരുത്. കിണർ പ്ലാറ്റ്ഫോമുകളിൽ നിന്ന് അലക്കുന്നതും കുളിക്കുന്നതും ഒഴിവാക്കണം. നെറ്റ് ഉപയോഗിച്ച് കിണർ നന്നായി കവർചെയ്യണം. ടോയ്ലെറ്റ്, കുളിമുറി എന്നിവിടങ്ങളിൽ നിന്ന് മലിനജലം കുടിവെള്ള സ്രോതസുകളിലേക്ക് ഒഴുകുന്നില്ലെന്ന് ഉറപ്പാക്കണം. സെപ്റ്റിക് ടാങ്ക്, മാലിന്യക്കുഴി എന്നിവ കിണറിൽ നിന്ന് കുറഞ്ഞത് 7.5 മീറ്റർ അകലെയായിരിക്കണം. വർഷത്തിലൊരിക്കൽ കിണറും പരിസരവും വൃത്തിയാക്കണം.
സി.ഡബ്ലിയു.ആർ.ഡി.എം
കേരള സർക്കാർ സ്ഥാപിച്ച ജലമേഖലയിലെ പ്രധാന ഗവേഷണ സ്ഥാപനം. പ്രാദേശിക വിവര ശേഖരണം, നീർത്തട വികസനം, തണ്ണീർത്തട പരിപാലനം, കാർഷിക ജലപരിപാലനം, ജലസേചനം, ഓവുചാലുകളുടെ പരിപാലനം, കായലുകളുടെ പരിപാലനം, വനങ്ങളുടെയും നഗരങ്ങളുടെയും ജലശാസ്ത്രം, ഭൂഗർഭജല വികസനം, ജലഗുണനിലവാരം, ജലസംബന്ധിയായ പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു.