
ചാലിയം: ചാലിയത്ത് ഭീമൻ ഡോൾഫിൻ കരയ്ക്കടിഞ്ഞു. ഇന്നലെ രാവിലെ ഏഴോടെ ചാലിയം തീരത്താണ് ദിവസങ്ങൾ പഴക്കമുള്ള രണ്ടു മീറ്ററിലധികം നീളമുള്ള ഡോൾഫിൻ കരയ്ക്കടിഞ്ഞത്. ഡോൾഫിൻ കടലിൽ ഒഴുകി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വടംകെട്ടി കരയ്ക്കടുപ്പിച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കടലുണ്ടി മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടർ ആനന്ദ് സ്ഥലത്തെത്തിയെങ്കിലും അഴുകിത്തുടങ്ങിയതിനാൽ പോസ്റ്റുമോർട്ടം നടത്താനായില്ല. തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് വാർഡ് മെമ്പർ ടി.കെ.റബീലത്ത്, താമരശ്ശേരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ദിദീഷ്, കെ.പി.ജലീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ചാലിയം തീരത്ത് കുഴിയെടുത്ത് സംസ്കരിച്ചു.