കൊയിലാണ്ടി: നന്തിചെങ്ങോട്ട്കാവ് ബൈപ്പാസ് യാഥാർത്ഥ്യമാകുന്നതോടെ തടസപ്പെടുന്ന ഇടറോഡുകളും പി.ഡബ്ളിയു.ഡി റോഡുകളും സർവീസ് റോഡുമായി ബന്ധിപ്പിക്കുന്നതിന് നഗരസഭ മാസ്റ്റർപ്ലാൻ തയ്യാറാക്കുമോയെന്ന ആശങ്കയിൽ നാട്ടുകാർ. 10ലധികം റോഡുകളാണ് മുൻസിപ്പാലിറ്റി പരിധിയിൽ അടച്ചിരിക്കുന്നത്. നിലവിൽ യാത്രാ പ്രശ്നം ഇല്ലെങ്കിലും ബൈപ്പാസ് പൂർത്തിയാകുന്നതോടെ ദുഷ്ക്കരമാകും. നഗരസഭയിലെ 31-ാം വാർഡിലെ പി.ഡബ്ളിയു.ഡി റോഡായ കോതമംഗലം- അണേല റോഡാണ് തടസപ്പെട്ടിരുക്കുന്നത്. സർവീസ് റോഡുമായി ബന്ധിപ്പിച്ചാലേ യാത്ര സുഗമമാവുകയുള്ളൂ.
11-ാം വാർഡ് പന്തലായനി നോർത്തിൽ കുന്ന്യോമല- കോളനി റോസ്, എസ്.എൻ.ഡി.പി യോഗം- ഗുരുദേവ കോളേജ് റോഡ് എന്നിവയും അടച്ചു. വിയ്യൂർ ഡിവിഷനിലെ ചോർച്ചപ്പാലം റോഡും അടച്ചിരിക്കുകയാണ്. പലതവണ നാട്ടുകാർ നിർമ്മാണ കമ്പനിക്കെതിരെ സമരം ചെയ്തിരുന്നു. വിദ്യാർത്ഥികളുൾപ്പെടെ നൂറുകണക്കിന് പേരാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. ഗവ. പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ റോഡിലും കാട്ടുവയൽ റോഡിലും അടിപ്പാത വേണമെന്നാവശ്യവും ശക്തമാവുകയാണ്.
ജില്ലാ കളക്ടർ, കാനത്തിൽ ജമീല എം.എൽ.എ, നഗരസഭാ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് എന്നിവർ പ്രസ്തുത ആവശ്യം ദേശീയപാത അതോറിട്ടിയുടെ മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്. 2024- 25 നഗരസഭാ ബഡ്ജറ്റിൽ ഈ വിഷയം പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. ഗതാഗതം തടസപ്പെടുന്ന ഇടറോഡുകൾ സർവീസ് റോഡുമായി ബന്ധിപ്പിക്കാൻ മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്നാണ് നഗരസഭ പറഞ്ഞിരുന്നത്.