കോഴിക്കോട്: നടപടികളെല്ലാം നിയമപരവും സമയബന്ധിതവുമായി നടക്കും. കെട്ടിടങ്ങളുടെ സുരക്ഷ, മാലിന്യനിർമ്മാർജനം, സ്ഥലം പാടമാണോ, പറമ്പാണോ എല്ലാം നോക്കും. പക്ഷേ ഇതെല്ലാം നടക്കുന്ന കോഴിക്കോട് രജിസ്‌ട്രേഷൻ ഓഫീസിന്റെ സ്ഥിതി പരമ ദയനീയമാണ്.
ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിൽ ഒരുകൂട്ടം ജീവനക്കാർ മരണഭീതിയിലാണ് ജോലി ചെയ്യുന്നത്. ഓഫീസിലെത്തുന്ന ജനത്തിന്റെ അവസ്ഥയും അതുതന്നെ. അത്രമാത്രം അപകടാവസ്ഥയിലാണ് കെട്ടിടവും പരിസരവും. മഴക്കാലമായതോടെ കൂര ചോർന്നൊലിക്കുകയാണ്. ഫയലുകൾപോലും നേരാംവണ്ണം സൂക്ഷിക്കാനിടമില്ലാതെ ജീവനക്കാർ വലയുന്നു. മാനാഞ്ചിറ ഹെഡ് പോസ്‌റ്റോഫീസ് പരിസരത്താണ് രജിസ്‌ട്രേഷൻ ഓഫീസ് സ്ഥിതിചെയ്യുന്നത്. ഉത്തരമേഖല രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റേതടക്കം നാല് ഓഫീസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
വർഷങ്ങളായുള്ള ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തായി പുതിയൊരു കെട്ടിടം പണിതെങ്കിലും അവിടേക്ക് എന്ന് മാറുമെന്ന് ജീവനക്കാർക്കുപോലും നിശ്ചയമില്ല. ജനറൽ, ഓഡിറ്റ് ജില്ലാ രജിസ്ട്രാർമാർ, ഉത്തരമേഖല രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, ചിട്ടി ഓഡിറ്റ് ഓഫീസുകൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ചെറിയ ഇടുങ്ങിയ കെട്ടിടമായതിനാൽ ജനങ്ങൾ എത്തുമ്പോൾ കൂടുതൽ ബുദ്ധിമുട്ടാകും. വരുന്നവർക്ക് നിൽക്കാനും മറ്റുമുള്ള സ്ഥലവും പരിമിതം. എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ് ചുമരുകൾ. ഓടിട്ട കെട്ടിടത്തിന്റെ ഓടുകൾ പലതും തകർന്നു.
വാതിലും തകർന്നു
രജിസ്‌ട്രേഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ മുറിയുടെ വാതിലിന്റെ കട്ടിളക്കും ചുമരിനുമിടയിൽ വലിയ ദ്വാരമുണ്ടായി. ചുറ്റിലും കാടുപിടിച്ച് കൊതുകും പ്രാണികളും നിറഞ്ഞു. മേൽക്കൂര പൊളിഞ്ഞതിനാൽ ഒരുഭാഗം മുഴുവൻ ടാർപോളിൻ ഷീറ്റുവച്ച് മൂടിയിരിക്കുകയാണ്. വാതിലും ജനലും ഏതുനിമിഷവും തകർന്നുവീഴ്ന്നേക്കാം. ദിവസേന നിരവധിപ്പേർ വരുന്ന ഓഫീസിലാണ് ദുരവസ്ഥ കണ്ടിട്ടും പരാതിപെട്ടിട്ടും പരിഹാരമുണ്ടാകാത്തത്.
നിലവിലുള്ള ഓഫീസ് പരിതാപകരമായ അവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. നാല് ഓഫീസുകളാണ് കെട്ടിടത്തിലുള്ളത്. സമീപത്തുള്ള രജിസ്‌ട്രേഷൻ കോപ്ലക്‌സിൽ സൗകര്യമൊരുക്കാമെന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നത്. അവിടത്തെ ഫർണിഷിംഗ് നടപടികൾ കഴിഞ്ഞാൽ അങ്ങോട്ട് മാറും.
-അനുജിത്ത്.പി.കെ
ജൂനിയർ സൂപ്രണ്ട്,
രജിസ്‌ട്രേഷൻ വകുപ്പ്