ബേപ്പൂർ: തുറമുഖത്ത് നിന്നും ചരക്കുനീക്കവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കൂലി നിരക്കിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിൽ തുറമുഖത്ത് കൂലി വർദ്ധനവ് ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളി സംഘടനകൾ ഒന്നടങ്കം പോർട്ട് ഓഫീസർക്കും ലേബർ ഓഫീസർക്കും ഏജന്റുമാരുടെ സംഘടനയായ സവാസ്ക്ക (സെയിലിംഗ് വെസ്സൽ ഏജന്റ്സ് ആൻഡ് ഷിപ്മെന്റ് കോൺട്രാക്ടേഴ്സ്)യ്ക്കും അപേക്ഷ നൽകി. അടുത്ത മാസം 30 നാണ് കൂലി നിരക്കിന്റെ നിയമാനുസൃതമായ കാലാവധി കഴിയുന്നത്. നിലവിലുള്ള കൂലിയിൽ നിന്നും 40% വർദ്ധനവ് ആവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിരിക്കുന്നത്.
സി.ഐ.ടി.യു , ഐ.എൻ.ടി.യു.സി , എസ്.ടി.യു യൂണിയൻ അംഗങ്ങളാണ് തുറമുഖത്ത് ചരക്കുനീക്കവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. 300 ലധികം തൊഴിലാളികളുണ്ടെങ്കിലും തുറമുഖത്ത് ചരക്കുനീക്കം കുറഞ്ഞതോടെ തൊഴിലാളികളിൽ ചിലർ മറ്റ് ജോലികൾ തേടിയതോടെ തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. യാത്രാക്കപ്പലുകൾ നിർത്തലാക്കിയതും ലക്ഷദ്വീപ് കാര്യാലയങ്ങൾ മംഗലാപുരത്തേക്ക് മാറ്റി സ്ഥാപിച്ചതും ബേപ്പൂർ തുറമുഖത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്. ലക്ഷദ്വീപിൽ നിന്നും ആഴ്ചയിൽ രണ്ടും മൂന്നും ഉരുക്കളും ബാർജുകളും എത്തിയിരുന്ന തുറമുഖത്ത് ഉരുക്കളുടെ വരവ് ആഴ്ചയിൽ ഒന്നായി ചുരുങ്ങിയിരിക്കുകയാണ്. മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ 4 മാസക്കാലയളവിൽ തുറമുഖത്ത് നിന്നും ലക്ഷദ്വീപുകളിലേക്ക് ചരക്കുനീക്കം നിരോധിക്കുന്നതും തൊഴിൽ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
മത്സ്യബന്ധന മേഖലയ്ക്ക് ട്രോളിംഗ് നിരോധനം 52 ദിവസമാണെങ്കിൽ തുറമുഖത്ത് 120 ദിവസമാണ് നിരോധന കാലയളവ്. ബേപ്പൂരും ലക്ഷദ്വീപ് സമൂഹവുമായുള്ള ബന്ധം നാൾക്കുനാൾ കുറഞ്ഞുവരുന്ന സാഹചര്യമാണ് തുറമുഖത്ത് നിലനിൽക്കുന്നത്. ചരക്കുനീക്കം കുറഞ്ഞതോടെ തുറമുഖത്ത് നിന്ന് ചരക്കുമായി ലക്ഷദ്വീപിലേക്ക് പോയിരുന്ന ഉരുക്കൾ ഇപ്പോൾ കർണാടക, മഹാരാഷ്ട , തമിഴ്നാട് എന്നിവിടങ്ങളിൽ കടൽപാലം, കടൽഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയാണ്. മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പ്പര്യപ്രകാരം ബേപ്പൂർ തുറമുഖത്തിന് രാജ്യാന്തര തലത്തിൽ അംഗീകാരം ഐ.എസ്.പി.എസ് സർട്ടിഫിക്കറ്റ് (ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി ) കിട്ടിയിട്ടുണ്ടെങ്കിലും കപ്പൽ ചാലുകളിലെ ആഴക്കുറവും ചാലുകളിൽ പാറക്കല്ലുകളുടെ സാന്നിദ്ധ്യവും മൂലം പ്രതികൂല സാഹചര്യമാണ് നിലനിൽക്കുന്നത്. ട്രേഡ് യൂണിയൻ നേതാക്കളും ഏജന്റുമാരും തുറമുഖ - തൊഴിൽ വകുപ്പ് പ്രതിനിധികളും നടത്തുന്ന സംയുക്ത ചർച്ചയെ തുടർന്നാണ് അടുത്ത കാലയളവിലേക്കുളള കൂലി നിരക്ക് നിശ്ചയിക്കുക . രണ്ടു വർഷത്തിന് ശേഷമാണ് കൂലി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്. മുൻകാലങ്ങളിൽ മൂന്ന് വർഷത്തിന് ശേഷമാണ് തൊഴിലാളികൾ കൂലി വർദ്ധനവ് ആവശ്യമുന്നയിച്ചിരുന്നത്. എന്നാൽ ദൈനംദിന ചെലവ് കൂടിയ സാഹചര്യത്തിലാണ് കൂലി വർദ്ധനവിന് തൊഴിലാളികൾ നിർബന്ധിതരായത് .