കോഴിക്കോട്: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ തുടക്കംകുറിച്ച് ഇന്ന് ജില്ലയിലെ 3000 കേന്ദ്രങ്ങളിൽ ബാലഗോകുലം പതാകകൾ ഉയർത്തും. പ്രധാനസ്ഥലങ്ങളിൽ പ്രമുഖർ നേതൃത്വം നൽകും. കൂടാതെ വീടുകൾ തോറും പതാകകളുയർത്തും. ശ്രീകൃഷ്ണ ജയന്തിക്ക് മുന്നോടിയായി വിവിധയിടങ്ങളിൽ സാംസ്‌കാരിക സമ്മേളനം, ശ്രീകൃഷ്ണ കലാസന്ധ്യ, ഉറിയടി, എന്നിവയും സംഘടിപ്പിക്കും. 'പുണ്യമീ മണ്ണ് പവിത്രമീ ജന്മം' എന്നതാണ് ഈ വർഷത്തെ സന്ദേശം. കോഴിക്കോട് മഹാനഗർ സാംസ്‌കാരിക സമ്മേളനവും ശ്രീകൃഷ്ണ കലാസന്ധ്യയും നാളെ വൈകിട്ട് അഞ്ചിന് എസ്.കെ. പൊറ്റെക്കാട്ട് ഹാളിൽ നടക്കും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ എൻ. ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്ന പരിപാടി സിനിമാതാരം അഖില ശശിധരൻ ഉദ്ഘാടനം ചെയ്യും.