മേപ്പയ്യൂർ: തങ്കമല കരിങ്കൽ ക്വാറിയുടെ ലൈസൻസ് പിൻവലിക്കാനും ഇ.സി റദ്ദ് ചെയ്യിക്കുന്നതിന് നിയമനടപടി സ്വീകരിക്കാനും കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനം. എൻവയോൺമെന്റ് ക്ലിയറൻസിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അനുവദിച്ച ലൈസൻസാണ് പിൻവലിച്ചത്. നിഷ്ക്കർഷിച്ച വ്യവസ്ഥകൾ ലംഘിച്ചതിനാൽ, ഖനനത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ‌‍‍ തീരുമാനിച്ചതായി കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമല അറിയിച്ചു.


കീഴരിയൂർ- തുറയൂർ വില്ലേജുകളിലെ 68 ഏക്കറിലായാണ് തങ്കമല ക്വാറി സ്ഥിതി ചെയ്യുന്നത്. ഖനനത്തിന്റെ ഭാഗമായി ജനവാസ കേന്ദ്രത്തിന് തൊട്ടു മുകളിലായി വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. ഇതുകാരണം പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലാണ്. ക്വാറിയിൽ നിന്നുള്ള മലിനജലം തങ്കമലയുടെ താഴ്വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷൻ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാൽ കിലോമീറ്ററോളം ദൂരത്തെ കുടിവെള്ളം മലിനമായി. സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ വീടുകൾക്ക് കേടുപാട് സംഭവിച്ചു. കഴിഞ്ഞ ഒക്ടോബർ 7ന് പഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം പഞ്ചായത്ത് സെക്രട്ടറി ജില്ലാ കളക്ടറോട് എൻവയോൺമെന്റൽ ക്ലിയറൻസ് വ്യവസ്ഥകളുടെ ലംഘനത്തിൽ നടപടിപടിയെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല.

വ്യവസ്ഥകൾ ലംഘിച്ചു

ക്വാറിയുടെ ഖനനാനുമതി വ്യവസ്ഥകളിൽ പറഞ്ഞിട്ടുള്ള 17 പ്രത്യേക വ്യവസ്ഥകളും ലംഘിച്ചിരിക്കുകയാണ്. അവയിൽ പ്രധാനം, ക്വാറിയുടെ 51 മുതൽ 200 മീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമ സ്വീകരിക്കേണ്ട മാനദണ്ഡം പാലിച്ചിട്ടില്ല എന്നതാണ്. കേരള മൈനർ മിനറൽ കൺസഷൻ റൂൾ 2015ൽ പറഞ്ഞ വ്യവസ്ഥകളും പാലിക്കുന്നില്ല. ജൈവവേലിവച്ചു പിടിപ്പിക്കണമെന്നതും പാലിച്ചിട്ടില്ല.

ക്വാറി വേസ്റ്റ് നിക്ഷേപിക്കുന്ന സ്ഥലത്ത് നിർമ്മിക്കേണ്ട പ്രൊട്ടക്ഷൻ വാളും ഇതുവരെ നിർമ്മിച്ചിട്ടില്ല. പ്രദേശവാസികളുടെ ആശങ്ക അകറ്റാനാണ് ലൈസൻസ് റദ്ദ് ചെയ്യാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.