കോഴിക്കോട്: വികസന പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാനും വേറിട്ട പരിപാടികളുടെ അവതരണത്തിനുമായി സ്വന്തമായി യൂട്യൂബ് ചാനലുമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്. ചാനലിന്റെ അനുമതിക്കായി സർക്കാരിനെ സമീപിക്കാൻ ജില്ലാ പഞ്ചായത്ത് ഭരണ സമിതിയോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് മുഖേന നേരിട്ടും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയും നടക്കുന്ന വികസന പദ്ധതികളുടെ പ്രചാരണവും കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വേറിട്ട പരിപാടികളും യൂട്യൂബ് ചാനലിലൂടെ ജനങ്ങളിലെത്തിക്കും. നാട്ടുചരിത്രം, മാലിന്യ സംസ്ക്കരണം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ പ്രചാരണം, കായിക രംഗത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി വൈവിദ്ധ്യമാർന്ന ഉള്ളടക്കത്തോടെയുള്ള ചാനലാണ് ലക്ഷ്യമിടുന്നത്. ചാനൽ നടത്തിപ്പിനെക്കുറിച്ചാലോചിക്കാൻ ചേർന്ന ആദ്യ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, വൈസ് പ്രസിഡന്റ് പി ഗവാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി ജമീല, കെ.വി റീന, പി സുരേന്ദ്രൻ, പി.പി നിഷ, അംഗങ്ങളായ രാജീവ് പെരുമൺപുറ, ദുൽക്കിഫിൽ, സി.എം ബാബു, സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി. അബ്ദുൾ കരീം എന്നിവർ സംബന്ധിച്ചു. ഭാവി പരിപാടികൾ ഏകോപിപ്പിക്കുന്നതിനായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖറിനെ യോഗം ചുമതലപ്പെടുത്തി.