photo

കൊയിലാണ്ടി: അകലാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തിലെ അസൗകര്യങ്ങൾ സഞ്ചാരികളെ ദുരിതത്തിലാക്കുന്നു. ഇവിടേക്കുള്ള കുറുങ്ങിമുക്ക്, ചാരുമ്മൽ താഴചൊയ്തീൻ പള്ളി റോഡ്, ലൈക്ക് പാലസ് റോഡ് എന്നിവ പൂണമായും തകർന്നു. ജലജീവൻ പദ്ധതിക്കുവേണ്ടിയാണ് റോഡുകൾ കുത്തിപ്പൊളിച്ചത്. ടൂറിസ്റ്റ് സീസണായിട്ടും റോഡുകൾ നവീകരിക്കാനായിട്ടില്ല.

ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് അകലാപ്പുഴ. ആവശ്യമായ ടോയ്ലെറ്റ്, മുലയൂട്ടൽ കേന്ദ്രം, ഹൈമാസ് ലൈറ്റുകൾ ഒന്നും ഇതുവരെയും ഇവിടെ സ്ഥാപിച്ചിട്ടില്ലെന്ന് വാർഡ് മെമ്പർ സൗജത്ത് പറഞ്ഞു. 23 ബോട്ടുകളും മറ്റ് ചെറിയ ബോട്ടുകളുമാണ് ഇവിടെയുള്ളത്.

ആഴം കുറഞ്ഞ ഇടമായതിനാലാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതെന്ന് ബോട്ടുടമ സി.പി.മൊയ്തീൻ പറഞ്ഞു. നൂറു കണക്കിന് തൊഴിലാളികൾക്ക് ഉപജീവനം നൽകുന്ന ഇടമാണിതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന് ഭീമമായ വരുമാനവും ഇതിലൂടെ ലഭിക്കുന്നുണ്ട്. നാടിന്റെ വികസനത്തിന് സഹായിക്കുന്ന പദ്ധതിയാണ് അകലപ്പു ടൂറിസമെന്ന് സമീപത്തെ കച്ചവടക്കാരും പറയുന്നു. ടൂറിസം വികസനത്തിനായി സർക്കാർ വലിയ പദ്ധതികൾ നടപ്പിലാക്കുമ്പോഴാണ് അകലാപ്പുഴ അവഗണിക്കപ്പെടുന്നത്.