നരിപ്പറ്റ: പഞ്ചായത്തിലെ കണ്ടോത്ത്കുനി, ചീക്കോന്ന്, കൈവേലി, മുള്ളമ്പത്ത് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ശുചിത്വ നിലവാര പരിശോധന നടത്തി. കമ്പനിമുക്കിലെ ഇറച്ചി കടയിൽ നിന്ന് അറവു മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയതിന് ഹെൽത്ത് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി 7,000 രൂപ പിഴ ചുമത്തി. ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ നിന്ന് കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ പാൽ, മറ്റ് ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ കണ്ടെത്തി വ്യാപാരികളെ കൊണ്ട് നശിപ്പിച്ചു. പരിശോധനയ്ക്ക് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.എസ്.സന്തോഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ.കെ.ഷാജി, വി.അക്ഷയ്കാന്ത്, ഇ.ആർ.രഞ്ജുഷ എന്നിവർ നേതൃത്വം നൽകി.