hdvfg
'വയനാടിന് ഒരു കൈത്താങ്ങ്' പരിപാടിയിൽ ഓടുന്ന ബസുകളുടെ ഫ്ലാഗോഫ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് നിർവഹിക്കുന്നു

കോഴിക്കോട്: ടിക്കറ്റില്ല, വയനാട്ടിലെ നമ്മുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പാൻ കൈയിലുള്ളത് നൽകാം..." ഇന്നലെ കോഴിക്കോട്ടെ ബസിൽ കയറിവർക്ക് മുമ്പിൽ കണ്ടക്ടർ ഒരു ബക്കറ്റ് നീട്ടിയപ്പോൾ പതിവ് യാത്രക്കാർക്കൊന്നും സംശയമേതുമില്ലായിരുന്നു. പതിവായി പത്തുരൂപ ടിക്കറ്റെടുക്കുന്നവർ കൈയിലുണ്ടായിരുന്ന അമ്പതും നൂറും നൽകി. മഹത്തായ യജ്ഞത്തിലേക്കുള്ള കരുതൽ. സംസ്ഥാന തലത്തിലുള്ള ആഹ്വാന പ്രകാരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷനും ഓപ്പറേറ്റേഴ്സ് ഫെഡറേഷനുമടക്കം ജില്ലയിലെ ബസുടമകളും തൊഴിലാളികളുമെല്ലാം ഒരേ മനസോടെയാണ് വയനാടിനായി കൈകോർത്തത്.

കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്താകെയുള്ള സ്വകാര്യ ബസുകൾ ഇത്തരത്തിൽ സർവീസ് നടത്തി മൂന്നുകോടി 15 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയപ്പോൾ കോഴിക്കോടിന്റെ മാത്രം സംഭാവന അന്ന് 33 ലക്ഷമായിരുന്നു. ഇന്നലെ കോഴിക്കോട് ജില്ലയിലോടിയ ബസുകളിൽ 650 ഓളം ബസുകൾ ഓടിയത് വയനാടിന് വേണ്ടിയായിരുന്നു. ബാക്കി ബസുകൾ വരും ദിവസങ്ങളിലും സർവീസ് നടത്തും. ദുരന്തബാധിതർക്കായി ഒരു ദിവസത്തെ വരുമാനം മാറ്റിവയ്ക്കുകയായിരുന്നു സ്വകാര്യബസുകൾ. ഡീസലിന്റെ പണമൊഴികെ ബാക്കി തുക വീടുനിർമാണത്തിന് ഉപയോഗിക്കും. 25 വീടുകൾ നിർമ്മിച്ച് നൽകാനാണ് ആലോചന. യാത്രക്കാരും ജീവനക്കാരും കാരുണ്യയാത്രയോട് സഹകരിച്ചെന്നും കൂടുതൽ തുക നൽകിയവരുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. 35 ലക്ഷം രൂപയാണ് ജില്ലയിൽ നിന്നും പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോ. പ്രസിഡന്റ് കെ.ടി.വാസുദേവൻ പറഞ്ഞു. വയനാട്ടിലേക്ക് ഒരു കൈത്താങ്ങ് ഫണ്ട് ശേഖരണാർത്ഥം സർവീസ് നടത്തുന്ന ബസുകളുടെ ജില്ലാതല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി. കെ ബീരാൻ കോയ, എം.എസ് സാജു, ഇ. റിനീഷ്, ടി.വി ബാബു, കെ. കെ മനോജ്‌, അബ്‌ദുൾ സത്താർ, രഞ്ജിത്ത്, സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി കുഞ്ഞൻ, ബി.എം.എസ് ജില്ലാ പ്രസിഡന്റ് ദേവാനന്ദൻ എന്നിവർ പ്രസംഗിച്ചു.