കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ മേഖലയിലെ ലൈംഗികാതിക്രമം ഉൾപ്പെടെ ക്രിമിനൽ കുറ്റങ്ങൾ പരാമർശിച്ച സാഹചര്യത്തിൽ സ്വമേധയ കേസെടുക്കണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് . 18 വയസിന് താഴെയുള്ളവരെ പീഡിപ്പിച്ചാൽ പരാതിക്കാരില്ലെങ്കിലും പോക്‌സോ പ്രകാരം കേസടുക്കാം. ആഭ്യന്തര വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ സ്വമേധ കേസെടുക്കാതിരിക്കുന്നത് ഗുരുതര വീഴ്ചയാണ്. റിപ്പോർട്ട് വർഷങ്ങളോളം പൂഴ്ത്തിവെച്ചു. പോക്‌സോ കേസുകളെ സംബന്ധിച്ച് അറിവുണ്ടായിട്ടും മറച്ചുവയ്ക്കുന്നവർക്കെതിരെ നടപടിയെടുക്കാമെന്നിരിക്കെ എല്ലാവിവരങ്ങളും മറച്ചുവെച്ച മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും കൃഷ്ണദാസ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ അലംഭാവവും ആസൂത്രണമില്ലായ്മയുമാണ് വയനാട് പുനരധിവാസം ആരംഭത്തിൽ തന്നെ പാളിപ്പോവാൻ കാരണം. നിരവധി ദുരിത ബാധിതർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായി കഴിയുന്നു. മന്ത്രിതല ഉപസമിതിയിലെ ഒരു മന്ത്രിയും ഐ.എ.എസ് ഉദ്യോഗസ്ഥനും പുനരധിവാസ പ്രവർത്തനംപൂർത്തിയാവുംവരെ സ്ഥലത്ത് കേന്ദ്രീകരിച്ച് നേതൃത്വം നൽകണം. കോഴിക്കോട് വിലങ്ങാട്ടെ പുനരധിവാസത്തിനും ഉടൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവൻ, എം.മോഹനൻ, പ്രശോഭ് കോട്ടൂളി, ഹരിദാസ് പൊക്കിണാരി എന്നിവരും പങ്കെടുത്തു.