കോഴിക്കോട്: രാജ്യം മുഴുവൻ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നരേന്ദ്രമോദിക്ക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പോലെ രാജ്യവിടേണ്ട ഗതിവരുമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ.പ്രതാപൻ പറഞ്ഞു. ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സെബി ചെയർപേഴ്‌സൺ രാജിവയ്ക്കുക, ജെ.പി.സി അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ കല്ലായി ഇ.ഡി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പൊതു സമ്പത്ത് കോർപ്പറേറ്റ് ഭീമൻമാർക്ക് എത്തിച്ചു നൽകുകയാണ് മോദി. വിലക്കയറ്റം, തൊഴിലില്ലായ്മ, പരീക്ഷ തട്ടിപ്പ് എന്നിങ്ങനെ രാജ്യ നേരിടുന്ന അരക്ഷിതാവസ്ഥ അവഗണിച്ച് അദാനിയെന്ന മൂന്നക്ഷരം കൊണ്ട് ആനന്ദപുളകം കൊള്ളുകയാണ് പ്രധാനമന്ത്രിയെന്നും പ്രതാപൻ പറഞ്ഞു.
കല്ലായി റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ ഇ.ഡി ഓഫീസിന് മുന്നിൽ സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി.എം.നിയാസ്, സോണി സെബാസ്റ്റ്യൻ, അഡ്വ. കെ.ജയന്ത്, മാർട്ടിൻ ജോർജ്, എൻ.സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.