കോഴിക്കോട്: റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് എന്ന മാമിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് ഒരു വർഷം തികയുമ്പോൾ പ്രതിഷേധവുമായി കുടുംബവും ആക്ഷൻ കമ്മിറ്റിയും രംഗത്ത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 21 നാണ് മാമിയെ കാണാതാവുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി അന്വേഷണം നടന്നെങ്കിലും കേസിൽ തുമ്പുണ്ടാക്കാൻ ഇതുവരേയും പൊലീസിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം പ്രതിഷേധം തീർത്തത്.
ആഗസ്റ്റ് 21 ന് അരയിടത്തു പാലത്തെ ഓഫീസിൽ നിന്നിറങ്ങിയ മാമിയെ പിന്നീട് ആരും കണ്ടിട്ടില്ല. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസം ഉച്ചയ്ക്ക് തലക്കുളത്തൂർഭാഗത്ത് മാമിയുടെ ഫോൺ ലൊക്കേറ്റ് ചെയ്തതിനനുസരിച്ച് പൊലീസ് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. പിന്നീടിതുവരെ മാമിക്ക എന്നറിയപ്പെടുന്ന മുഹമ്മദ് അട്ടൂരിനെ കുറിച്ചൊരു വിവരവുമില്ല. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടക്കാവ് പൊലീസാണ് ആദ്യം കേസന്വേഷിച്ചത്. പിന്നീട് മലപ്പുറം എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന് കൈമാറി. മാമിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. ബിസിനസ് ആവശ്യങ്ങൾക്കായി ഹൈദരാബാദിലും മുംബൈയിലുമൊക്കെ ഇടയ്ക്കിടെ മുഹമ്മദ് പോയിരുന്നു. ഇവിടെയെല്ലാം അന്വേഷണ സംഘം എത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലെത്തി. തിരോധാനത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയാണെന്നായിരുന്നുആരോപണം. എന്നാൽ കോടതിയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല.
തുടർന്ന് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനുമടക്കം പല നേതാക്കൾക്കും ഒപ്പ് ശേഖരണം നടത്തി പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തിരോധാനത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നും ഇരുട്ടിൽ തപ്പുന്ന പോലീസിനെ ഏൽപ്പിച്ച് കേസ് നീട്ടിക്കൊണ്ടുപോവുന്നത് ബാഹ്യ ശക്തികളുടെ ഇടപെടൽ മൂലമാണെന്നും കുടുബാംഗങ്ങൾ ആരോപിച്ചു. കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും , നീതി ലഭിക്കും വരെ തെരുവിൽ പ്രതിഷേധിക്കുമെന്ന് ആക്ഷൻ കമ്മിറ്റി അംഗങ്ങളും കുടുബാംഗങ്ങളും വ്യക്തമാക്കി.