s

പേരാമ്പ്ര: ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് മുള്ളൻകുന്ന് ഭാഗത്തേക്കുള്ള റോഡിൽ മുഴുവൻ കുണ്ടും കുഴിയുമായതായി പരാതി. കനത്ത മഴയും വെള്ളക്കെട്ടും കാരണം തകർന്ന റോഡിൽ കാൽനടയാത്ര പോലും ദുസഹമായ അവസ്ഥ. ജാനകിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള പ്രധാന പാതയാണിത്. മുള്ളൻകുന്ന്, കുണ്ടുതോട്, പശുക്കടവ്, ചെമ്പനോട ഭാഗത്തെ യാത്രക്കാർക്ക് ജാനകിക്കാട് വഴി പേരാമ്പ്രയിലെത്താനുള്ള എളുപ്പവഴി കൂടിയാണിത്.

മുള്ളൻകുന്ന്, കുണ്ടുതോട്, ചെമ്പനോട ഭാഗത്തെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളും സഞ്ചരിക്കുന്നത് ഇതുവഴിയാണ്. പൊതു ഗതാഗത സംവിധാനം തീരെയില്ലാത്ത തകർന്ന റോഡിലൂടെ അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പെടാപ്പാട് പെടുകയാണ് നാട്ടുകാർ. തെരുവു വിളക്കുകൾ കത്താത്തതിനാൽ രാത്രിയിൽ കാട്ടുജീവികളുടെ ശല്യവും രൂക്ഷമായതായി പ്രദേശവാസികൾ പറഞ്ഞു.

ചങ്ങരോത്ത് മദ്രസ- വലിയപറമ്പ്

റോഡും പൊളിഞ്ഞു

ചങ്ങരോത്ത് മദ്രസ വലിയപറമ്പ് റോഡിലും യാത്രാ ദുരിതം രൂക്ഷമാണ്. റോഡ് കുണ്ടും കുഴിയുമായി കാൽ നടയാത്ര പോലും ദുസഹമായിട്ട് നാളുകളേറെയായെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് തകർന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിൽ ഓട്ടോറിക്ഷകൾ വിളിച്ചാൽ വരാത്ത അവസ്ഥയാണ്. ഒറ്റക്കണ്ടം, വടക്കുമ്പാട്, കുറ്റ്യാടി, കൂത്താളി, കടിയങ്ങാട്, പേരാമ്പ്ര ഭാഗങ്ങളിലേക്കുള്ള ഒട്ടേറെ സ്കൂൾബസുകൾ ഉൾപ്പെടെ വരുന്ന റോഡാണിത്. ഇരു ചക്രവാഹനങ്ങൾ പലപ്പോഴും ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നതും പതിവാണ്. പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. തകർന്ന റോഡ് നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിദ്യാർത്ഥികൾ ഉൾപ്പെടെ നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ആശ്രയമായ റോഡുകൾ നന്നാക്കാൻ നടപടി വേണം.

-പി.എം.പി.മൂഴി,

സാമൂഹ്യ പ്രവർത്തകൻ