story-

രാമനാട്ടുകര: രാമനാട്ടുകരയുടെ ചിരകാലമോഹമായ മിനി സ്റ്റേഡിയം എന്ന് യാഥാർത്ഥ്യമാകുമെന്നാണ് കായികപ്രേമികളായ നാട്ടുകാ‌ർ ചോദിക്കുന്നത്. സ്റ്റേഡിയത്തിനായി മുനിസിപ്പാലിറ്റി ഏഴാം ഡിവിഷനിലെ മാളീരിത്താഴം ചാലിയിൽ 2.4 ഏക്കർ സ്ഥലം വാങ്ങിയിട്ട് 14 വർഷമായി. 2010ൽ അന്നത്തെ ഗ്രാമപഞ്ചായത്ത് ഭരണസമിതി വിലകൊടുത്താണ് സ്ഥലം വാങ്ങിയത്. അതേവർഷം തന്നെ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും ഡാറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ നിർമ്മാണത്തിന് അനുമതി ലഭിച്ചില്ല.

തുടർന്ന് അധികാരത്തിലെത്തിയ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നിലവിലെ മുനിസിപ്പൽ ഭരണസമിതിയും പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ആദ്യത്തെ അപേക്ഷയിൽ പൊതു ആവശ്യത്തിനുള്ള സ്റ്റേഡിയമെന്ന പരാമർശമില്ലാത്തതാണ് അനുമതി ലഭിക്കാതിരിക്കാൻ കാരണമായത്. പിന്നീട് അപ്രകാരം ചേർത്തു. സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്തോട് ചേർന്നുള്ള, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിരുന്ന 78 ഏക്കറിൽ കിൻഫ്ര നോളജ്പാർക്ക് ഇതിനോടകം യാഥാർത്ഥ്യമായി. മിനി സ്റ്റേഡിയത്തിന്റെ കാര്യത്തിൽ മാത്രം തീരുമാനമായിട്ടില്ല.

കായികമേഖലയിലെ വികസനത്തിനായി കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണകൂടങ്ങൾ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് വർഷങ്ങളായി രാമനാട്ടുകര മിനിസ്റ്റേഡിയം ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നത്. ​സ്റ്റേഡിയം ​യാഥാർത്ഥ്യ​മാക്കണമെന്നാവശ്യപ്പെട്ട് കായിക പ്രേമികൾ മാസങ്ങൾക്ക് മുമ്പ് തെരുവിൽ പന്ത് കളിച്ച് പ്രതിഷേധിച്ചിരുന്നു.

മന്ത്രിയും ഇടപെട്ടു

സ്റ്റേഡിയം നിർമ്മാണം അനന്തമായി നീളു​ന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിഷയത്തിൽ ഇടപ്പെട്ടിരുന്നു. നെൽവയൽ- നീർത്തട സംരക്ഷണ നിയമത്തിന്റെ പശ്ചാത്തലത്തിൽ ആവശ്യമായ ഭേദഗതികളോടെ നിർമ്മാണാനുമതി ലഭ്യമാക്കുന്നതിനായി അദ്ദേഹം കൃഷി മന്ത്രി പി.പ്രസാദിന് കത്തുനൽകി. അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി​ അറിയിച്ചിരുന്നു.

നാളെ ബഹുജന സായാഹ്നസംഗമം

വിഷയം ജനങ്ങളുടെയും അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി രാമനാട്ടുകര സാംസ്‌കാരിക വേദി നാളെ വൈകിട്ട് 4ന് രാമനാട്ടുകര അങ്ങാടിയിൽ ബഹുജന സായാഹ്നസംഗമം നട​ത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒളിമ്പ്യൻ വി.ദിജു സംഗമം ഉദ്ഘാടനം ചെയ്യും. ​രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.