കുറ്റ്യാടി: നിയോജകമണ്ഡലത്തിൽ 1.67 കോടി രൂപയുടെ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭിച്ചു. മണ്ഡലത്തിലെ റോഡുകളുമായി ബന്ധപ്പെട്ട വിഷയം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിരവധി പ്രവൃത്തികൾക്ക് അനുമതി ലഭിച്ചതായും പ്രവൃത്തികൾ നല്ല പുരോഗതിയിലാണെന്നും കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ പറഞ്ഞു.

ആയഞ്ചേരി കമ്പനി പീടിക- കടമേരി തണ്ണീർപ്പന്തൽ റോഡിൽ കടമേരി എം.യു.പി സ്കൂളിന് സമീപം കൾവെർട്ട്, കക്കട്ടിൽ കൈവേലി റോഡിൽ പനയന്റെ മുക്ക് ഭാഗത്തെ ഡ്രെയിനേജ് പുനരുദ്ധാരണം, കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡിൽ പുതുക്കുടി ഭാഗത്തെ ഡ്രെയിനേജ് പുനരുദ്ധാരണം, പള്ളിയത്ത് പെരുവയൽ റോഡിൽ പെരുവയൽ ഭാഗത്തെ ഡ്രെയിനേജ് പുനരുദ്ധാരണം, കാവിൽ തീക്കുനി കുറ്റ്യാടി റോഡിൽ സന്തോഷ് മുക്ക് മാനവീയം ഭാഗത്ത് സുരക്ഷാഭിത്തി, ഡ്രെയിനേജ് നിർമ്മാണവും കാവിൽ തീക്കുനി കുറ്റ്യാടി റോഡിൽ മീങ്കണ്ടി കഴിഞ്ഞുള്ള ഭാഗത്തെ ഡ്രെയിനേജ്, സുരക്ഷാ ഭിത്തി നിർമ്മാണവും വടകര തിരുവള്ളൂർ പേരാമ്പ്ര റോഡിൽ ചെക്കോട്ടി ബസാർ- കീഴൽമുക്ക് ഭാഗത്ത് റോഡിൽ ഇരുവശവും കോൺക്രീറ്റ് ഹാർഡ് ഷോൾഡർ സ്ഥാപിക്കുന്നതിന് ഉൾപ്പെടെയാണ് അനുമതി ലഭിച്ചിട്ടുള്ളത്.

വടകര തിരുവള്ളൂർ പേരാമ്പ്ര റോഡിൽ കീഴിൽ മുക്ക് ഭാഗത്ത് കൾവെർട്ട് നിർമ്മാണത്തിനായി 20 ലക്ഷം രൂപയുടെ കരാർ നടപടികൾ പൂർത്തിയാക്കി ഉടൻ പ്രവൃത്തി ആരംഭിക്കും. 25 ലക്ഷം രൂപ അനുവദിച്ച വില്യാപ്പള്ളി ആയഞ്ചേരി റോഡിലെ പ്രവൃത്തിയും ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.