s

പേരാമ്പ്ര: കിഴക്കൻ മലയോരത്തെ പ്രധാനയാത്രാമാർഗമായ പെരുവണ്ണാമൂഴി- പൂഴിത്തോട് റൂട്ടിലെ ഓനിപ്പുഴ പാലം പുതുക്കിപ്പണിയണമെന്ന ആവശ്യം ശക്തമാവുന്നു. പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലത്തിന് വേണ്ടത്ര ഉയരമോ വലിയ വാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതിയോ ഇല്ലെന്നാണ് ആക്ഷേപം.

മഴക്കാലത്ത് ഓനിപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ വെള്ളം കയറി രൂക്ഷമായ ഗതാഗതപ്രശ്നമാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ സമീപ പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും മഴ വെള്ളപ്പാച്ചിലിലും ഒഴുകിയെത്തിയ മരങ്ങളും കമ്പുകളും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുകയും പാലം പൂർണമായും വെള്ളത്തിൽ മുങ്ങുകയും ഗതാഗതം ദിവസങ്ങളോളം തടസപ്പെടുകയും ചെയ്തിരുന്നു. ചെമ്പനോട സ്കൂളിലെ വിദ്യാർത്ഥികൾ ഉൾപ്പെടെ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. വർഷങ്ങൾക്ക് മുമ്പ് ഈ പാലത്തിൽ നിന്ന് സ്കൂൾ ബസ് പുഴയിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടിരുന്നു. പാലം നവീകരിച്ച് യാത്രാക്ലേശത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.