കോഴിക്കോട്: ബൈപ്പാസിൽ വെങ്ങളം ജംഗ്ഷൻ മുതൽ രാമനാട്ടുകര ജംഗ്ഷൻ വരെ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്- ബാലുശ്ശേരി റോഡുകൾ ദേശീയപാത 66ൽ ചേരുന്ന വേങ്ങേരി ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലം സെപ്തംബർ ആദ്യവാരത്തോടെ ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. മേൽപ്പാലത്തിന്റെ പ്രവൃത്തി പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വേങ്ങേരി ജംഗ്ഷനിൽ 45 മീറ്റർ വീതിയിലാണ് മേൽപ്പാലം നിർമ്മിക്കുന്നത്. ഇതിന്റെ ഒരു വശത്തെ നിർമ്മാണം 2023ൽ പൂർത്തിയായി. മറുവശത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്ന സമയം ഈ ഭാഗത്ത് പൈപ്പ് ലൈൻ കടന്നു പോകുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ കൂടി പൂർത്തിയാക്കിയാണ് പാലം തുറന്നു കൊടുക്കുന്നത്.
നേരത്തെ പ്രഖ്യാപിച്ചതുപോലെ അടുത്തവർഷം അവസാനത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ദേശീയപാത 66ന്റെ വികസനം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഗതാഗതം തിരിച്ചു വിടേണ്ടി വന്നിട്ടുണ്ട്. മഴ കൂടിയായതോടെ പലയിടങ്ങളിലും റോഡുകൾ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ഇക്കാര്യം ദേശീയപാത അതോറിട്ടിയുമായി സംസാരിച്ചിട്ടുണ്ടെന്നും മഴ കുറയുന്ന മുറയ്ക്ക് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.