കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആവശ്യമായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ ചികിത്സയുമായി ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഹാജരാക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് ന്യൂനപക്ഷ കമ്മിഷൻ നിർദ്ദേശം നൽകി. കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശിയുടെ പരാതിയാണ് കമ്മിഷൻ അംഗം എ.സൈഫുദ്ദീൻ പരിഗണിച്ചത്.
കുറ്റിക്കാട്ടൂരിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തിൽ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായതായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നൽകിയ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കെ.എസ്.ഇ.ബിക്ക് നിർദ്ദേശം നൽകി.
മുഖദാർ തർബിയ്യത്തുൽ ഇസ്ലാം സഭയിൽ പഠനം പൂർത്തിയാക്കുന്നവർക്കായി നൽകുന്ന സർട്ടിഫിക്കറ്റ് തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശി ബിനേഷ് വ്യാജമായി നിർമ്മിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ചെമ്മങ്ങാട് എസ്.എച്ച്.ഒയെ കൂടി കക്ഷി ചേർക്കാൻ കമ്മിഷൻ നിർദ്ദേശിച്ചു.
ആരാധനാലയങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അനുമതിക്കുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ നിലനിന്നിരുന്ന കേസ് തീർപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ കമ്മിഷന് സാധിച്ചതായി കമ്മിഷനംഗം അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ.
കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിംഗിൽ ഒൻപത് കേസുകൾ പരിഗണിച്ചു. അഞ്ചെണ്ണം തീർപ്പാക്കി. നാലെണ്ണം തുടർനടപടികൾക്കായി മാറ്റി.