കോഴിക്കോട്: കേരളത്തിനെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി മാറ്റുന്ന 'ഡിജി കേരളം" പദ്ധതിക്ക് മുന്നോടിയായി കോഴിക്കോട് കോർപ്പറേഷനിൽ ഡിജിറ്റൽ സാക്ഷരതാ സർവേയ്ക്ക് തുടക്കമായി. എരഞ്ഞിപ്പാലം സി.ഡി.എ കോളനി പാർക്കിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയർ ഡോ. എം.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
സമ്പൂർണ സാക്ഷരതാ യജ്ഞത്തിലൂടെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനമായി മാറുന്ന ചരിത്ര മൂഹൂർത്തിത്തിന് ഈ വർഷത്തെ കേരളപ്പിറവി ദിനം സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി പറഞ്ഞു. വിവര സാങ്കേതിക വിദ്യകളുടെ ഗുണഭോക്താക്കളായി സാധാരണ ജനങ്ങൾ മാറണമെന്നാണ് സർക്കാർ കാഴ്ചപ്പാട്. ഈ ലക്ഷ്യത്തോടെയാണ് ഡിജി കേരളം പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി പദ്ധതി വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സി.രേഖ, ഒ.പി.ഷിജിന, പി.ദിവാകരൻ, ഡോ. എസ്.ജയശ്രീ, പി.സി.രാജൻ, കൃഷ്ണകുമാരി, കൗൺസിലർമാരായ ഒ.സദാശിവൻ, എൻ.സി.മോയിൻകുട്ടി, കെ.മൊയ്തീൻ കോയ, ശിവപ്രസാദ്, അഡി. സെക്രട്ടറി ജി.ഷെറി, പി.പി.ശ്രീധരനുണ്ണി, നവാസ് പൂനൂർ എന്നിവർ സംസാരിച്ചു.