കോഴിക്കോട്: ഈ ഓണത്തിനും മിഠായിത്തെരുവ് ഇരുട്ടിലായിരിക്കും. ഓണത്തിന് മുൻപ് തെരുവിലെ ഉണ്ട ലെെറ്റുകൾക്ക് പകരം എൽ.ഇ.ഡി ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുമെന്ന കോർപ്പറേഷൻ വാഗ്ദാനം ഇഴഞ്ഞു നീങ്ങുകയാണ്. ഉണ്ടലൈറ്റുകളിൽ വെള്ളം നിറഞ്ഞു നശിച്ചതിനാൽ കടകളുടെ വെളിച്ചമാണ് ഏക ആശ്രയം. രാത്രി ഒൻപതോടെ കടകൾ അടച്ചാൽ പിന്നെ എങ്ങും ഇരുട്ടാവും. ഇരുട്ടിൽ സി.സി ടിവി ക്യാമറ പ്രവർത്തിക്കാത്തതിനാൽ രാത്രി നടക്കുന്ന അനിഷ്ട സംഭവങ്ങൾ അറിയാതെ പോകുമെന്നാണ് ഉടമകൾ പറയുന്നത്.
മിഠായിത്തെരുവ് നവീകരിച്ചപ്പോൾ 2017ലാണ് തെരുവിലെ രണ്ടറ്റത്തും മേലാപ്പിൽ ഉണ്ടവിളക്കുകളും മറ്റു ഭാഗങ്ങളിൽ ലോമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചത്. രണ്ടുഭാഗത്തുമായി 300ലധികം ഉണ്ടവിളക്കുകളുണ്ടായിരുന്നു. എന്നാൽ, ഇവ വെള്ളംനിറഞ്ഞ് നശിച്ചു. പലതും പൊട്ടിവീണു. ജനത്തിന് ഭീഷണിയായതിനെത്തുടർന്ന് കുറച്ചുനാളുകൾക്കുമുമ്പ് വിളക്കുകൾ അഴിച്ചുമാറ്റി.
എസ്.കെ.പൊറ്റക്കാടിന്റെ പ്രതിമ മുതൽ ദുബായ് പള്ളിവരെ രാത്രികാലങ്ങളിൽ അക്രമങ്ങൾ നടന്നാൽ ആരും അറിയില്ല. ഇനിയും തെരുവിനെ ഇരുട്ടിലാക്കരുതെന്നും ലൈറ്റുകൾ വേഗത്തിൽ സ്ഥാപിക്കുണമെന്നുമാണ് വ്യാപാരികൾ പറയുന്നത്.
ഫ്ലഡ് ലൈറ്റുകളുടെ നിർമ്മാണം ഉടൻ ഉണ്ടാകും
-പി.സി.രാജൻ,
ചെയർമാൻ,
പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി