കോഴിക്കോട്: സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷനും ആനുകൂല്യങ്ങളും യഥാസമയം നൽകി പെൻഷൻകാരോട് കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആർ.ടി.സി പെൻഷണേഴ്സ് മലബാർ സോൺ കൂട്ടായ്മ ആവശ്യപ്പെട്ടു. അപരിഷ്‌കൃത നയത്തിന്റെ ഭാഗമായി ഉടലെടുത്ത സാമ്പത്തിക ബാദ്ധ്യതയുടെ ഭാരം പെൻഷൻകാരുടേയും തൊഴിലാളികളുടേയും മേൽ കെട്ടിവച്ച് ആത്മഹത്യ ചെയ്യിപ്പിക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്താൻ സർക്കാരും മാനേജ്‌മെന്റും സ്വീകരിക്കേണ്ട പരിഹാരങ്ങൾ അടങ്ങിയ ഭീമഹർജി ഒപ്പിടൽ ചടങ്ങും നടത്തി. മാദ്ധ്യമപ്രവർത്തകൻ എൻ.പി.ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. ട്രാൻസ്‌പോർട്ട് പെൻഷണേഴ്സ് ഫ്രണ്ട് ജനറൽ സെക്രട്ടറി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഇ.എ.ബഷീർ ചെറുവണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. കെ.ഭാസ്‌കരൻ, കെ.പി.ശർമത്തലി, പി.കെ.ശ്രീനിവാസ്, കെ.ആർ.രാജീവ്, ടി.ബാബുരാജ്, സി.കെ.നാസർ, വിശ്വരാജഗോപൻ, പി.സെയ്തലവി എന്നിവർ സംസാരിച്ചു.