news

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ഇലകളും കായ്കളും നശിപ്പിക്കുന്ന കരിമ്പടപുഴുക്കളുടെ ശല്യം തടയാൻ ജനകീയ ദുരന്തനിവാരണ സേന പ്രവർത്തകർ പ്രവർത്തനമാരംഭിച്ചു. ഇതിന്റെ ഭാഗമായി ചെയർമാൻ ബഷീർ നരയങ്കോടന്റെ നേതൃത്വത്തിൽ അടുക്കത്ത്, കള്ളാട് പ്രദേശങ്ങളിൽ കീടനാശിനി തളിച്ചു. വാഴയില, കറിവേപ്പില, ചേന, ചേമ്പ്, പച്ചക്കറികൾ എന്നിവയുടെ ഇലകളാണ് പുഴുക്കൾ നശിപ്പിക്കുന്നത്. ചെടികളുടെ ഇലകൾ ഉണങ്ങി നശിക്കുന്നതായാണ് കണ്ടുവരുന്നത്. കർഷകർ ചെയ്തുവരുന്ന പൊടിക്കൈ പ്രയോഗങ്ങളും തീയിട്ട് നശിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് കീടനാശിനി തളിക്കാൻ ആരംഭിച്ചത്. പുഴുശല്യം കാരണം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കൃഷിമേഖലയിൽ ഉണ്ടായത്.