1

കോഴിക്കോട്: മാലിന്യം നിറഞ്ഞ് മിഠായിത്തെരുവ്. കോയിൻകോ ബസാറിന് പിറകുവശത്താണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. തെരുവിലെ വ്യാപാര കേന്ദ്രങ്ങളിൽ സാധനങ്ങൾ വാങ്ങാൻ ജനങ്ങൾ കൂടുതൽ പേരും ആശ്രയിക്കുന്ന ഒന്നാണ് കോയിൻകോ ബസാർ. നൂറോളം കടകളും ഇരുനൂറിൽ പരം തൊഴിലാളികളുമാണ് ഇവിടെയുള്ളത്. കടകളിൽ നിന്നും വരുന്ന വേസ്റ്റുകളും, ഭക്ഷണാവശിഷ്ടങ്ങളും, തയ്യൽകടയിൽ നിന്നുള്ള തുണി വേസ്റ്റുകളുമാണ് ഇവിടെ നിക്ഷേപിക്കുന്നത്.

ബസാറിന്റെ ഒരു ഭാഗം കോർപ്പറേഷൻ ലൈസൻസുള്ളതും ഒരു ഭാഗം സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായതിനാൽ മാലിന്യത്തിന്റെ കാര്യത്തിൽ രണ്ടുപക്ഷത്തിലാണ് അധികൃതർ. കോർപ്പറേഷൻ പരിധിയിൽ വരുന്ന മാലിന്യം മാത്രമാണ് ഇവർ നീക്കം ചെയ്യുന്നത്. മാലിന്യം നിക്ഷേപിക്കാൻ സ്ഥിരമായ സംവിധാനം ഇവിടെ ഇല്ലാത്തതിനാൽ നിക്ഷേപിക്കുന്ന മാലിന്യം പണം നൽകി നീക്കം ചെയ്യേണ്ട സ്ഥിതിയാണ് കച്ചവടക്കാർക്ക്. ഇത് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

 അവധിയായാൽ നഗരം വൃത്തികേടിൽ

കോർപ്പറേഷനും ഹരിത കർമ സേനയും ഒരു ദിവസം അവധിയായാൽ നഗരം വൃത്തിഹീനമാകുന്ന സ്ഥിതിയാണ്. പുതിയ സ്റ്റാൻഡിലും മറ്റിടങ്ങളിലും ഞായറാഴ്ചകളിൽ മാലിന്യങ്ങൾ നിറഞ്ഞ് പെരുകുന്ന അവസ്ഥയാണ്. മറ്റുള്ള ദിവസങ്ങളിൽ വൃത്തിയാക്കുന്നുണ്ടെങ്കിലും ഞായറാഴ്ച മാലിന്യം നീക്കാത്ത സ്ഥിതിയാണ്. പുതിയ സ്റ്റാൻഡിൽ അടക്കം വേസ്റ്റുകൾ വലിച്ചെറിയുന്നതിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് ജനങ്ങൾ പറയുന്നത്.

മാലിന്യം നിക്ഷേപിക്കാൻ ഇടമില്ല

മി​ഠാ​യി​ത്തെ​രു​വി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ സൗ​ക​ര്യ​മി​ല്ല. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന്​ ആ​ളു​ക​ൾ വ​ന്നും പോ​യു​മി​രി​ക്കു​ന്ന ന​ഗ​ര​ഹൃ​ദ​യ​ത്തി​ലാ​ണ്​ മി​ഠാ​യി​ക്ക​ട​ലാ​സു​പോ​ലും ക​ള​യാ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​ത്. ഇതോടെ തെരുവിലെത്തുന്നവരും കച്ചവടക്കാരും പലയിടങ്ങളിലാണ് മാലിന്യം തള്ളുന്നത്. 2017 ൽ മിഠായിത്തെരുവ് നവീകരിച്ച് തുറന്നപ്പോൾ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ ആ​റ്​ പ​ച്ച​ഭ​ര​ണി​ക​ളും ഒരുക്കിയിരുന്നെങ്കിലും അവ ഇപ്പോൾ കാണാനില്ലാത്ത സ്ഥിതിയാണ്.

'' ബസാറിലെ മുഴുവൻ മാലിന്യവും കോർപ്പറേഷൻ എടുക്കണം. വേസ്റ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ വലിയ അപകടാവസ്ഥ സൃഷ്ടിക്കും, മാത്രമല്ല മിഠായിത്തെരുവിൽ മാലിന്യം നിക്ഷേപിക്കാൻ സ്ഥിര സംവിധാനവും ഒരുക്കണം''

കബീർ.എ.വി. എം,

യൂണിറ്റ് പ്രസിഡന്റ്‌,

മിഠായിത്തെരുവ് വ്യാപാരി വ്യവസായി ഏകോപന സമിതി

' കോയിൻ കോ ബസാർ സ്വകാര്യ സ്ഥാപനമാണ്. ബസാറിന്റെ പിറകിൽ കൂട്ടിയിട്ട മാലിന്യം നീക്കം ചെയ്യാൻ ബസാറിലെ കട ഉടമകൾക്ക് നോട്ടീസയച്ചിട്ടുണ്ട്''

എസ്. കെ.അബൂബക്കർ,

കൗൺസിലർ